കേരളം

kerala

ETV Bharat / state

ബെവ്‌റേജസില്‍ വില കുറഞ്ഞ മദ്യമില്ല, 'വാങ്ങലിന്‍റെ' ശാസ്ത്രീയ രീതിയും മാറുന്നു ; അടിമുടി പ്രതിസന്ധിയിലേക്ക് - beverages corporation facing crisis

സംസ്ഥാന ഖജനാവിലേക്ക് വരുമാനത്തിന്‍റെ 22 ശതമാനവും ലഭിക്കുന്നത് മദ്യ വില്‍പനയിലൂടെയാണ്. ഏകദേശം 15000 കോടി രൂപയാണ് ബെവ്റേ‌ജസ് കോര്‍പറേഷന്‍ വഴി ഒരു വര്‍ഷമെത്തുന്നത്

bevco crisis in kerala  bevco facing loss in kerala  ബിവറേജില്‍ വില കുറഞ്ഞ മദ്യമില്ല മദ്യം വാങ്ങുന്ന ശാസ്ത്രീയ രീതിയി മാറുന്നു  സംസ്ഥാന ഖജനാവിന്‍റെ 22 ശതമാനം വരുമാനവും ലഭിക്കുന്നത് മദ്യ വില്‍പനയിലൂടെയാണ്  beverages corporation facing crisis  kerala govt has to take steps to make up the crisis of bevco
ബിവറേജില്‍ വില കുറഞ്ഞ മദ്യമില്ല, മദ്യം വാങ്ങുന്ന ശാസ്ത്രീയ രീതിയി മാറുന്നു ; അഴിമതിക്ക് കളമൊരുങ്ങുന്നുവെന്ന് ആരോപണം

By

Published : May 21, 2022, 3:34 PM IST

തിരുവനന്തപുരം : സംസ്ഥാന ഖജനാവിന് വര്‍ഷം തോറും 15000 കോടി രൂപയുടെ വരുമാനം സംഭാവന ചെയ്യുന്ന ബെവ്റേജസ് കോര്‍പറേഷനില്‍ കടുത്ത പ്രതിസന്ധി. ആഴ്‌ചകളായി വില കുറഞ്ഞതും ഡിമാന്‍ഡ് കൂടിയതുമായ മദ്യ ഇനങ്ങള്‍ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ കമ്പനികള്‍ 21.75 ശതമാനം ക്യാഷ് ഡിസ്‌കൗണ്ട് നല്‍കണമെന്ന നിബന്ധന കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ചതാണ് പ്രതിസന്ധിക്ക് കാരണം. കോര്‍പറേഷന്‍റെ ഈ തീരുമാനം സ്വീകാര്യമല്ലെന്നറിയിച്ച മദ്യ കമ്പനികള്‍ വിതരണം നിര്‍ത്തിവച്ചു.

നിലവില്‍ 7.75 ശതമാനമാണ് മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ക്യാഷ് ഡിസ്‌കൗണ്ട്. എന്നാല്‍ ഇത് നല്‍കാന്‍ തയ്യാറല്ലാത്ത കമ്പനികളുടെ മദ്യം ബെവ്റേജസ് വഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ കോര്‍പറേഷനും ഉറച്ചുനില്‍ക്കുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഇത് വന്‍ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍. മദ്യ കമ്പനികളില്‍ നിന്ന് ബെവ്റേജസ് കോര്‍പറേഷന്‍ ക്യാഷ് ഡിസ്‌കൗണ്ട് ആവശ്യപ്പെടുകയും അതിന് തയ്യാറാകാത്തവരുടെ മദ്യം ഔട്ട് ലെറ്റുകളിലൂടെ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തത് അനൗചിത്യമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഉയര്‍ന്ന കമ്മിഷന്‍ നല്‍കിയാലേ വില്‍ക്കാന്‍ കഴിയൂ എന്ന് കോര്‍പറേഷന്‍ വാശിപിടിച്ചാല്‍ മദ്യ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതോടെ വിപണിയില്‍ മദ്യ വില ഗണ്യമായി വര്‍ധിക്കാനും വ്യാജമദ്യത്തിന്‍റെ വില്‍പന കൂടാനും സാധ്യതയുണ്ട്. ഇക്കാര്യം എക്‌സൈസ് ഇന്‍റലിജന്‍സ് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്. ഔട്ട്‌ലെറ്റുകളിലെ ഡിമാന്‍ഡ് അനുസരിച്ച് മദ്യത്തിന് ഓര്‍ഡര്‍ നല്‍കുന്ന ലീനിയര്‍ പ്രോഗ്രാമിംഗ് എന്ന ശാസ്ത്രീയ രീതിയാണ് ബെവ്റേജസ് കോര്‍പറേഷന്‍ സ്വീകരിച്ചുവരുന്നത്.

ഇഷ്‌ടക്കാരായ മദ്യ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ നല്‍കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ സമ്പ്രദായം ബെവ്‌കോ ആവിഷ്‌കരിച്ചത്. അവസാന മൂന്നുമാസത്തെ മൊത്തം വില്‍പനയുടെ ശരാശരി എണ്ണം കണക്കാക്കി അതനുസരിച്ച് ഓര്‍ഡര്‍ നല്‍കുന്ന ശാസ്ത്രീയ രീതിയാണിത്. കൂടുതല്‍ വില്‍പനയുള്ള ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്ന സമ്പ്രദായമായതിനാല്‍ ഇതില്‍ ഒരു തരത്തിലുമുള്ള കൃത്രിമം നടത്താനും കഴിയില്ല. എന്നാല്‍ ഈ സമ്പ്രദായം ഉപേക്ഷിച്ച് കൂടുതല്‍ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കാന്‍ തയ്യാറുള്ള ഉത്പാദകരുടെ മദ്യത്തിന് കൂടുതല്‍ ഓര്‍ഡര്‍ എന്ന നിലയിലേക്ക് പോകുന്നത് അഴിമതിക്ക് കാരണമാകും എന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്.

ഉയര്‍ന്ന വിലയുള്ള 5 ഇനം ബിയറുകളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാര്‍ തയ്യാറാകണം എന്നൊരു സര്‍ക്കുലര്‍ ബെവ്റേജസ് കോര്‍പറേഷന്‍ നേരത്തേ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. കൂടുതല്‍ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കാന്‍ തയ്യാറായ 5 കമ്പനികളുടെ ബിയര്‍ വില്‍പനയാണ് അത്തരത്തില്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചത്. സമാനമായ നീക്കമാണ് ഇപ്പോള്‍ മദ്യത്തിന്‍റെ കാര്യത്തിലും ബെവ്റേജസ് കോര്‍പറേഷന്‍ സ്വീകരിക്കുന്നതെന്നാണ് ആരോപണം.

വിലകുറഞ്ഞ മദ്യം ബെവ്റേജസ് ഔട്ട്‌ലെറ്റുകളില്‍ ലഭ്യമല്ലാത്ത സാഹചര്യം തുടര്‍ന്നാല്‍ ഈ മദ്യം തേടി ആവശ്യക്കാര്‍ ബാറുകളിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. ഫലത്തില്‍ ബെവ്റേജസ് വഴിയുള്ള വില്‍പന കുറയുകയും ബാറുകളിലെ വില്‍പന വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും. വരുമാനം ഗണ്യമായി കുറയുന്ന സാഹചര്യത്തിലേക്ക് ഇത് പോകുമെന്നതാണ് സംസ്ഥാന സര്‍ക്കാരിനെ ആശങ്കയിലാക്കുന്നത്.

മദ്യ ഉത്പാദകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 15 ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കി 5 ശതമാനം വില്‍പന നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു ഫുള്‍ കുപ്പി മദ്യത്തിന് പരമാവധി 10 രൂപയുടെ മാത്രം വിലവര്‍ധന ഉണ്ടാകുകയും ടേണോവര്‍ ടാക്‌സിലൂടെ ലഭിക്കുന്നതിലും അധികം വരുമാനം ലഭിക്കുകയും ചെയ്യുമെന്നൊരു നിര്‍ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. നിലവില്‍ സ്‌പിരിറ്റിന്‍റെ വില വര്‍ധിക്കുക കൂടി ചെയ്‌ത സാഹചര്യത്തില്‍ മദ്യ വില ഉയര്‍ത്തണമെന്നൊരു നിര്‍ദ്ദേശം മദ്യ കമ്പനികള്‍ മുന്നോട്ടുവച്ചിട്ടുള്ളത് ഈ രീതിയില്‍ പരിഹരിക്കാനാകും.

ബെവ്റേജസിലൂടെ ലഭിക്കുന്നത് ഖജനാവിന്‍റെ 22 ശതമാനം വരുമാനം : സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ വരുമാന ദാതാവാണ് ബെവ്റേജസ് കോര്‍പറേഷന്‍. 1996ല്‍ എ.കെ ആന്‍റണി സര്‍ക്കാര്‍ ചാരായ നിരോധനം ഏര്‍പ്പെടുത്തിയ ശേഷമാണ് മദ്യ വില്‍പനയുടെ കുത്തക പൂര്‍ണമായും ബെവ്റേജസ് കോര്‍പറേഷനെ ഏല്‍പ്പിച്ചത്. സംസ്ഥാന ഖജനാവിന്‍റെ 22 ശതമാനം വരുമാനവും ലഭിക്കുന്നത് മദ്യ വില്‍പനയിലൂടെയാണ്. ഏകദേശം 15000 കോടി രൂപയാണ് ബെവ്റേജസ് കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം നല്‍കുന്നത്.

ABOUT THE AUTHOR

...view details