തിരുവനന്തപുരം: ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം വാങ്ങിയ ബെവ്കോയിലെ സിഐടിയു നേതാവിനെ സസ്‌പെന്‍ഡ് ചെയ്‌തു. തൃശൂര്‍ വെയര്‍ഹൗസിലെ ലേബലിങ് തൊഴിലാളിയും ബെവ്കോയിലെ സിഐടിയു സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമായ കെ.വി പ്രതിഭയെ ആണ് സസ്‌പെൻഡ് ചെയ്‌തത്. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
ജോലിക്ക് വന്നില്ല, ഒപ്പിട്ട് ശമ്പളം വാങ്ങി; ബെവ്കോയിലെ സിഐടിയു നേതാവിന് സസ്‌പെന്‍ഷന്‍
ജോലിക്ക് വരാത്ത ദിവസങ്ങളിലും ഒപ്പിട്ട് ശമ്പളം കൈപ്പറ്റിയ ബെവ്കോ സിഐടിയു സംഘടന നേതാവ് കെ.വി പ്രതിഭയ്‌ക്ക് സസ്‌പെന്‍ഷന്‍.
2020 ഡിസംബര്‍ 26, 28, 29 തീയതികളിൽ തൃശൂര്‍ വെയര്‍ ഹൗസില്‍ പ്രതിഭ ജോലിക്കെത്തിയിരുന്നില്ല. 2021 സെപ്‌റ്റംബര്‍ 25 നും ജോലി ചെയ്‌തിട്ടില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ പ്രതിഭ പേരിന് നേരെ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി ഒപ്പിട്ടെന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പത്ത് മാസം മുൻപാണ് ബെവ്കോയിലെ തൃശൂര്‍ ജില്ല ഓഡിറ്റ് വിഭാഗം വ്യാജരേഖ ചമക്കൽ കാണിച്ച് റിപ്പോര്‍ട്ട് നൽകിയത്.
എന്നാൽ സമ്മർദ്ദങ്ങളെ തുടർന്ന് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. നിലവിൽ ബെവ്കോ തലപ്പത്ത് മാറ്റമുണ്ടായതോടെയാണ് പ്രതിഭക്ക് എതിരെ നടപടിയുണ്ടായത്. വിദേശ മദ്യത്തൊഴിലാളി യൂണിയന്‍ സിഐടിയുവിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് കെ.വി പ്രതിഭ.