തിരുവനന്തപുരം:ഓണക്കാലത്ത് മദ്യലഭ്യത ഉറപ്പാക്കാന്‍ നടപ്പാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് സര്‍ക്കുലറായി നല്‍കി ബെവ്‌റേജസ് കോര്‍പ്പറേഷന്‍. ഓണക്കാലത്തെ ഉയര്‍ന്ന വില്‍പന കണക്കാക്കി നേരത്തെ തന്നെ സ്‌റ്റോക്ക് അടക്കമുള്ള ഒരുക്കാനാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്.
സാധനം സ്‌റ്റോക്ക് ഉണ്ടോ:ഓരോ ഔട്ട്‌ലെറ്റിലെയും മാനേജര്‍ മദ്യത്തിന്‍റെ സ്‌റ്റോക്ക് ഉറപ്പാക്കണം. സ്ഥിരമായി കൂടുതല്‍ ആവശ്യക്കാരുള്ള മദ്യ വെയര്‍ഹൗസുകളില്‍ നിന്നും ഔട്ട്‌ലെറ്റില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം. ഇത്തരം ഡിമാന്‍ഡുള്ള മദ്യം ഗോഡാണില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഓരോ ഗോഡൗണുകളുടേയും കീഴിലുള്ള ഔട്ട്‌ലെറ്റുകളില്‍ വില കൂടിയതും കുറഞ്ഞതുമായ മദ്യം ഉറപ്പാക്കാന്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. മദ്യം വാങ്ങാനെത്തുന്നവര്‍ പ്രത്യേകിച്ച് ഒരു മദ്യത്തിന്‍റെയും പേര് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഡിസ്‌റ്റിലറിയില്‍ നിര്‍മിക്കുന്ന ജവാന്‍ മദ്യം നല്‍കാന്‍ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
വില്‍പനയും കലക്ഷനും: ഓണക്കാലത്ത് വലിയ വില്‍പന നടക്കുന്ന 26 മുതലുള്ള ദിവസങ്ങളില്‍ ബാങ്ക് അവധിയായതിനാല്‍ അതാത് ദിവസങ്ങളിലെ കളക്ഷന്‍ വെയര്‍ഹൗസുകളില്‍ അടയ്ക്കണം. പൊലീസിന്‍റെ സുരക്ഷ ആവശ്യമാണെങ്കില്‍ അത് തേടണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ട് ഓഴിവാക്കാന്‍ ഔട്ട്‌ലെറ്റുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്‍റ് സൗകര്യം പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഓണ്‍ലൈനിന് പ്രോത്സാഹനം:യുപിഐ പോലുള്ള സേവനങ്ങളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ കോര്‍പ്പറേഷന്‍റെ ഫിനാന്‍സ് സെക്ഷനെ ബന്ധപ്പെടാം. കൂടുതല്‍ ഡിജിറ്റല്‍ ഇടപാട് നടത്തുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവ് നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് ജീവനക്കാര്‍ അവധിയെടുക്കാന്‍ പാടില്ലെന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്ക് ബോണസ് ലഭിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതേസമയം സര്‍ക്കുലറില്‍ പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുവെന്നത് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനകള്‍ ഉണ്ടാകുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്‌തയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
Also Read: "സംഗതി പരസ്യമാകും".. ഓൺലൈൻ ക്ലിക്കാകുന്നില്ല, പ്ലാൻ മാറ്റിപ്പിടിക്കാൻ ബെവ്‌കോ
കേരളത്തെ പഠിക്കാന്‍ പഞ്ചാബ്:അടുത്തിടെ കേരളത്തിലെ മദ്യനയവും ബെവ്‌റേജസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങളും പഠിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള ഉന്നത സംഘം സംസ്ഥാനത്തെത്തിയിരുന്നു. പഞ്ചാബ് ധനകാര്യ - എക്‌സൈസ് മന്ത്രി ഹര്‍പാല്‍ സിങ് ചീമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനായി തിരുവനന്തപുരത്തെത്തിയത്. ആം ആദ്‌മി പാര്‍ട്ടി (AAP) ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ മദ്യനയ കേസില്‍ കുടുങ്ങിയ സാഹചര്യത്തില്‍ അത്തരം വിവാദങ്ങളില്‍ പെടാതിരിക്കാന്‍ കരുതല്‍ നീക്കവുമായായിരുന്നു പാര്‍ട്ടി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ പഞ്ചാബ് കേരളത്തിലെത്തിയത്.
കേരളത്തിലെത്തിയ പഞ്ചാബ് മന്ത്രി സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷുമായാണ് കൂടിക്കാഴ്‌ച നടത്തിയത്. എംബി രാജേഷുമായുള്ള ഈ കൂടിക്കാഴ്‌ചയില്‍ പൊതുമേഖല സ്ഥാപനമായ ബെവ്‌റേജസ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ ഹര്‍പാല്‍ സിങ് ചീമ ചോദിച്ച് മനസിലാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ ബെവ്‌റേജസ് കോര്‍പ്പറേഷന്‍റെ അനുകരണീയ മാതൃക പഞ്ചാബില്‍ നടപ്പിലാക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഹര്‍പാല്‍ സിങ് ചീമ അഭിപ്രായപ്പെട്ടതായി എംബി രാജേഷ് അറിയിച്ചിരുന്നു.