തിരുവനന്തപുരം:2014-15 മുതൽ ബെവ്റേജസ് കോർപറേഷനെ (Beverages Corporation) പ്രതിസന്ധിയിലാക്കിയ ആദായ നികുതി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതിനാല്‍ 1150 കോടി രൂപ സർക്കാർ ഖജനാവിൽ എത്തുമെന്ന ഇടിവി ഭാരത് (ETV Bharat) വാര്‍ത്തയ്‌ക്ക് പിന്നാലെ സിഎംഡി യോഗേഷ് ഗുപ്‌തയേയും മാനേജ്‌മെന്‍റിനെയും അഭിനന്ദിച്ച് എക്സൈസ് വകുപ്പ് മന്ത്രി (Excise Minister) എം.ബി രാജേഷ്. ഇത് സംബന്ധിച്ച് മന്ത്രി ഫേസ്‌ബുക്കിലും കുറിച്ചു.
ചാർട്ടേർഡ് അക്കൗണ്ടന്‍റായി പരിശീലനം പൂർത്തിയാക്കിയ കോർപറേഷൻ സിഎംഡി യോഗേഷ് ഗുപ്‌ത ഐപിഎസിന്‍റെ (Yogesh Gupta IPS) നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്‍റെ മികവുറ്റതും കാര്യക്ഷമതയോടെയുമുള്ള ഇടപെടലാണ് ഇത്രയും വലിയ തുക തിരിച്ചുലഭിക്കാൻ കാരണമായതെന്ന് മന്ത്രി എം.ബി രാജേഷ് (MB Rajesh) പറഞ്ഞു. നടപടിയിലൂടെ കോർപറേഷനും സർക്കാരിനും വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധിയിലേക്ക് ഇങ്ങനെ:കോർപറേഷനിൽ നിന്ന് 2019 ൽ ആദായ നികുതി വകുപ്പ് 1015 കോടി രൂപ നികുതിയായി ഈടാക്കിയിരുന്നു. കെഎസ്‌ബിസിയുടെ (KSBC) ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്‌താണ് 668 കോടി ഈടാക്കിയത്. ബാങ്ക് അക്കൗണ്ടുകൾ അൺഫ്രീസ് ചെയ്‌ത് ബിസിനസ് നടപടികൾ സുഗമമാക്കാൻ മറ്റൊരു 347 കോടി രൂപ കൂടി കെഎസ്‌ബിസി നൽകി.
2014-15 മുതൽ 2018-19 വരെയുള്ള കാലത്തെ ആദായ നികുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ പ്രകാരമാണ് ഈ നടപടിയെടുത്തത്. ടേൺ ഓവർ ടാക്‌സ് (Turn Over Tax), സർചാർജ് (Surcharge) എന്നിവ ചെലവായി കണക്കാക്കാൻ കഴിയില്ലെന്നും അവയെ വരുമാനമായി തന്നെ കണക്കാക്കണമെന്നുമുള്ള നിലപാടിൽ നിന്നാണ് ആദായ നികുതി വകുപ്പ് (Income Tax Department) ഇത്തരത്തിൽ ഒരു കടുത്ത നടപടി സ്വീകരിച്ചത്. ഇത് കെഎസ്‌ബിസിയുടെ പ്രവർത്തനത്തിന് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കി. പല ബാങ്കുകളിൽ നിന്നും കടമെടുത്ത് ബിസിനസിനുള്ള പണലഭ്യത ഉറപ്പുവരുത്തേണ്ടതായും വന്നു.