കേരളം

kerala

ETV Bharat / state

വെറ്റില കൃഷി ഇവിടെ കുടുംബകാര്യം

പത്ത് സെന്‍റ് സ്ഥലത്ത് വെറ്റില കൃഷിയൊരുക്കി തിരുവനന്തപുരം മണ്ണാംകോണത്തെ സുകുമാരന്‍ നായരും കുടുംബവും

betal leaves harvesting  വെറ്റില കൃഷി  പച്ചക്കറിക്കൃഷി  ചിലാന്തി കർപ്പൂരം  പന്നി കർപ്പൂരം  ബ്രോ മുട്ടൻ  സുകുമാരൻ നായർ
വെറ്റില കൃഷി ഇവിടെ കുടുംബകാര്യം

By

Published : Jan 28, 2020, 11:24 AM IST

Updated : Jan 28, 2020, 6:18 PM IST

തിരുവനന്തപുരം: പച്ചക്കറിക്കൃഷി ചെയ്‌ത് ഗ്രാമപ്രദേശങ്ങളിലെ കർഷകർ മികച്ച നേട്ടം കൈവരിക്കുമ്പോൾ വീട്ടുപറമ്പിൽ വെറ്റില കൃഷി നടത്തുകയാണ് മണ്ണാംകോണം മെയ്യൂർ ഹൗസിലെ സുകുമാരൻ നായരും കുടുംബവും. പത്ത് സെന്‍റ് സ്ഥലത്തൊരുക്കിയ കൃഷിയില്‍ ചിലാന്തി കർപ്പൂരം, പന്നി കർപ്പൂരം, ബ്രോ മുട്ടൻ തുടങ്ങിയ ഇനങ്ങളാണുള്ളത്. ചെറുപ്പകാലം മുതൽ വെറ്റില കൃഷിയിലായിരുന്നു സുകുമാരൻ നായർക്ക് താൽപര്യം. ഇടയ്ക്ക് പ്രവാസ ജീവിതം ആരംഭിച്ചപ്പോൾ കൃഷി നിർത്തിയെങ്കിലും നാട്ടിൽ തിരികെയെത്തി, വെറ്റില കൃഷി പുനരാരംഭിക്കുകയായിരുന്നു. സഹായത്തിനായി ഭാര്യ ഉഷാ കുമാരിയും മകൻ അനൂപും ഒപ്പമുണ്ട്. ഇതുവഴി നല്ലൊരു വരുമാനം കൂടിയാണ് കുടുംബത്തിന് ലഭിക്കുന്നത്.

വെറ്റില കൃഷി ഇവിടെ കുടുംബകാര്യം

മികച്ച ഇനം വള്ളി തെരഞ്ഞെടുക്കുന്നതാണ് വെറ്റില കൃഷിയിൽ പ്രധാനമെന്ന് സുകുമാരന്‍ നായർ പറയുന്നു. അഞ്ചുരൂപ ക്രമത്തിലാണ് സാധാരണ ഒരു വള്ളി ലഭിക്കുന്നത്. ഉണക്ക ചാണകം, കക്ക, ചാമ്പൽ എന്നിവയുടെ മിശ്രിതമിട്ട് ഇളക്കിയ നിലമാണ് കൃഷിക്ക് വേണ്ടി ഒരുക്കുന്നത്. വള്ളികൾക്ക് തണലായി നല്‍കുന്ന പച്ചിലകളാണ് ഇവയുടെ പ്രധാന വളം. മികച്ച ജലസേചനം ഉറപ്പുവരുത്തുന്നതിനൊപ്പം രണ്ടാഴ്‌ച കൂടുമ്പോൾ വള്ളികളുടെ 'കൊണ്ട കെട്ടി കൊടുക്കുക'യെന്നത് ഈ കൃഷിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. വാഴനാര് ഉപയോഗിച്ചാൽ വള്ളി നശിക്കുമെന്നതിനാല്‍ പാളനാരോ പൂമ്പാള വള്ളികളോ ആണ് ഉപയോഗിക്കേണ്ടത്. മുഞ്ഞ, ഏഴിയൻ, വിട്ടിൽ തുടങ്ങിയവയാണ് വിളയെ പ്രധാനമായും ആക്രമിക്കാറ്. കീടങ്ങളെ നശിപ്പിക്കുന്നതിന് പുകയില മിശ്രിതമാണ് സുകുമാരന്‍ നായർ ഉപയോഗിക്കുന്നത്.

ആരോഗ്യമുള്ള ഒരു വള്ളിയിൽ നിന്ന് ആഴ്ചയിൽ ശരാശരി അഞ്ച് മുതൽ ഏഴ് വെറ്റിലകളാണ് ലഭിക്കുന്നത്. ചില സീസണുകളിൽ നൂറ് വെറ്റിലയ്ക്ക് 350 രൂപ വരെ ലഭിക്കുമ്പോൾ ചിലപ്പോൾ അത് പത്ത് രൂപയിലേക്കും എത്താറുണ്ട്. കയറ്റുമതിയിലെ പ്രശ്നങ്ങളാണ് ഈ വിലയിടിവ് പലപ്പോഴും ഉണ്ടാക്കാറുള്ളത്. വെറ്റിലക്കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്‍റെ ഭാഗത്ത് നിന്നോ സർക്കാരിന്‍റെ ഭാഗത്ത് നിന്നോ യൊതൊരുവിധ സഹായവുമില്ലാത്തതാണ് കർഷകരെ പിന്നോട്ട് വലിക്കുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു. മുതൽ മുടക്കും ശ്രദ്ധയുമുണ്ടെങ്കിൽ നല്ലൊരു വരുമാനം ലഭിക്കുന്ന കൃഷിയാണ് വെറ്റില കൃഷിയെന്ന് തെളിയിക്കുകയാണ് ഈ കർഷക കുടുംബം.

Last Updated : Jan 28, 2020, 6:18 PM IST

ABOUT THE AUTHOR

...view details