കേരളം

kerala

ETV Bharat / state

LP Teacher Award: വിരമിച്ചതിന് പിന്നാലെ മികച്ച അധ്യാപികയ്‌ക്കുള്ള അവാർഡ്, സന്തോഷം പങ്കിടാൻ വീണ്ടും സ്‌കൂളിലെത്തി ശർമിള ദേവി - Sharmila Devi

മികച്ച എല്‍ പി വിഭാഗം അധ്യാപികയ്‌ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാർഡ് നേടി ശർമിള ദേവി ടീച്ചർ

Award winning teacher  ശർമിള ദേവി  ശർമിള ടീച്ചർ  മികച്ച എല്‍ പി വിഭാഗം അവാര്‍ഡ്  സംസ്ഥാന സർക്കാരിന്‍റെ അധ്യാപക അവാർഡ്  അധ്യാപിക  അവാർഡ്  Best LP Category Award  best lp teacher  award  Sharmila Devi  Sharmila teacher
LP Teacher Award

By

Published : Jun 16, 2023, 6:42 PM IST

സ്‌കൂളിലെത്തി ശർമിള ദേവി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച അധ്യാപക അവാര്‍ഡ് കഴിഞ്ഞ ദിവസം തേടിയെത്തുമ്പോഴേക്കും ശര്‍മിള ദേവിയെന്ന പ്രഥമ അധ്യാപിക കരമന ഗവണ്‍മെന്‍റ് എസ്‌ എസ് എല്‍ പി വി സ്‌കൂളില്‍ നിന്ന് വിരമിച്ചിരുന്നു. അധ്യാപികയായിരിക്കെ അംഗീകാരം ലഭിച്ചിരുന്നെങ്കില്‍ വിദ്യാര്‍ഥികളുമായി സന്തോഷം പങ്കുവയ്‌ക്കാമായിരുന്നു എന്ന നൊമ്പരത്തിലായിരുന്നു ടീച്ചർ. ഈ സങ്കടം മനസിലാക്കി ശർമിള ടീച്ചറെ സ്‌കൂളിലേക്ക് വീണ്ടും ക്ഷണിച്ച് കുട്ടികളുമായി സംവദിക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് പഴയ സഹപ്രവര്‍ത്തകര്‍.

അങ്ങനെ അവാര്‍ഡ് നിറവിലായ ശര്‍മിള ദേവി താന്‍ പ്രധാന അധ്യാപികയായി വിരമിച്ച സ്‌കൂളിന്‍റെ പടികടന്ന് ഓര്‍മകളുടെ ഓരത്ത് വീണ്ടുമെത്തി. 'സ്‌കൂളിലേക്ക് വരുന്ന ഓരോരുത്തരെയും സ്‌കൂളിനോട് ചേര്‍ത്തു നിര്‍ത്തുക '- ശര്‍മിള ദേവിക്ക് തന്‍റെ പിന്‍മുറക്കാരോട് പറയാനുള്ള ഒരേ ഒരു വാചകം ഇതാണ്. ഈ വാചകവും ഇതിനോട് ചേര്‍ന്ന പ്രവര്‍ത്തനവുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച എല്‍ പി വിഭാഗം അവാര്‍ഡിന് ടീച്ചറെ അര്‍ഹയാക്കിയതും.

33 വര്‍ഷത്തെ അധ്യാപന ജീവിതം കഴിഞ്ഞ് മെയ് 31 ന് വിരമിച്ച ശേഷം ജൂണ്‍ 12നാണ് ടീച്ചറെ തേടി അധ്യാപക അവാര്‍ഡ് എത്തുന്നത്. സെപ്‌റ്റംബര്‍ മാസത്തില്‍ പ്രഖ്യാപിക്കേണ്ട അവാര്‍ഡ് ഇത്തവണ ജൂണിലേക്കു നീളുകയായിരുന്നു. 1990 ലാണ് ശർമിള ദേവി അധ്യാപന ജീവിതത്തിലേക്ക് കാല്‍ വയ്‌ക്കുന്നത്. കുളപ്പട ഗവ. എല്‍ പി എസിലായിരുന്നു ആദ്യം അധ്യാപക വൃത്തി ആരംഭിച്ചത്.

പിന്നീട് താന്‍ വിദ്യാര്‍ഥിയായിരുന്ന മിതൃമല സ്‌കൂളിലടക്കം ആറ് സ്‌കൂളുകളിൽ അധ്യാപികയായി. കോട്ടന്‍ ഹിൽ സ്‌കൂളിൽ നിന്നും ലഭിച്ച ഊര്‍ജമാണ് പിന്നീടങ്ങോട്ട് പ്രധാനാധ്യാപികയായി മുന്നോട്ടു പോകാനുള്ള ധൈര്യം തന്നതെന്ന് ടീച്ചര്‍ പറയുന്നു. 11 വിദ്യാര്‍ഥികള്‍ മാത്രമുണ്ടായിരുന്ന ആറാമടയിലായിരുന്നു പ്രധാനാധ്യാപികയായി സേവനം ആരംഭിച്ചത്.

ശേഷം മൂന്ന് വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ട് സ്‌കൂളിനെ മികച്ച രീതിയിലേക്ക് മാറ്റി. 2019ല്‍ കരമന ഗവണ്‍മെന്‍റ് എസ് എസ് എല്‍ പി യില്‍ എത്തുമ്പോള്‍ ടീച്ചര്‍ക്ക് മുന്നില്‍ വീണ്ടും പ്രതിസന്ധികള്‍. പക്ഷെ അവിടെയും ടീച്ചർ തന്‍റെ മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. ഇന്ന് സ്‌കൂളില്‍ നിറയെ സൗകര്യങ്ങളാണ്. വിദ്യാര്‍ഥികളില്‍ ശാസ്‌ത്രബോധം ഉണര്‍ത്താന്‍ വര്‍ഷാവസാനം ഐഎസ്‌ആര്‍ഒയിലേക്ക് പഠനയാത്ര, സ്‌കൂളില്‍ പൂന്തോട്ടവും ചിത്രങ്ങളും, തമിഴ് ദേശക്കാരുടെ മക്കളും സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ രക്ഷിതാക്കളെ മലയാളം പഠിപ്പിക്കാനായി പ്രത്യേക പദ്ധതി, സ്‌കൂളിലെ ആഘോഷങ്ങള്‍ വീട്ടുകാര്‍ക്ക് കാണുന്നതിനായി സ്‌കൂളിന്‍റെ വക ഹാപ്പി കിഡ്‌സ് യൂട്യൂബ് ചാനല്‍ എന്നിവയും ശർമിള ടീച്ചർ പ്രധാനാധ്യാപികയായിരിക്കെ കൊണ്ടുവന്ന സൗകര്യങ്ങളാണ്.

ശര്‍മിള ദേവിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ഏറെ സന്തോഷത്തിലാണ് സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും. തങ്ങളുടെ സ്‌കൂളിനെ ഉന്നതിയിലെത്തിച്ച ടീച്ചര്‍ക്ക് അര്‍ഹമായത് തന്നെയാണ് ഈ അവാര്‍ഡ് എന്ന് അവര്‍ പറയുന്നു. മക്കളുടെ സ്‌കൂളിനെ മികച്ചതാക്കിയ പ്രിയ ടീച്ചറെ കുറിച്ച് പറയാന്‍ രക്ഷിതാക്കളും ഉത്സാഹത്തിലാണ്. എല്ലാ കുഞ്ഞുങ്ങളേയും 'ഒരേ പോലെ ചേര്‍ത്ത് നിര്‍ത്തുക. നേട്ടങ്ങളെല്ലാം കൂട്ടായ പ്രവര്‍ത്തനത്തില്‍ നിന്ന് മാത്രമേ ലഭിക്കൂ', ഇതാണ് പുതിയ കാലത്തോട് ടീച്ചര്‍ക്ക് പറഞ്ഞുവയ്‌ക്കാനുള്ളത്.

ABOUT THE AUTHOR

...view details