ബംഗളൂരു: കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമെന്ന് ബംഗളൂരു പൊലീസ്. വ്യാജ സന്ദേശം നൽകിയ ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദർമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലാണ് ഇയാള്‍ വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ് അറിയിച്ചു. വിരമിച്ച സൈനികനാണ് സ്വാമി സുന്ദർമൂർത്തി. മകൻ കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിയായിരുന്നു. ശ്രീലങ്കയിലെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പാലിക്കാനാണ് വ്യാജ സന്ദേശം നൽകിയതെന്ന് സ്വാമി സുന്ദർമൂർത്തി പൊലീസിന് മൊഴി നൽകി. മുമ്പും വ്യാജ സന്ദേശം നൽകിയതിന് സുന്ദർമൂർത്തി അറസ്റ്റിലായിട്ടുണ്ട്.
വ്യാജ ഭീകരാക്രമണ ഭീഷണി: സന്ദേശം നൽകിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു - police
വിരമിച്ച സൈനികനാണ് സ്വാമി സുന്ദർമൂർത്തി. മദ്യ ലഹരിയിലാണ് വ്യാജ സന്ദേശം നൽകിയതെന്ന് പൊലീസ്.
ബംഗളൂരു സിറ്റി പൊലീസിന് കഴിഞ്ഞ ദിവസം വൈകുന്നേരം ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്നായിരുന്നു സന്ദേശം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സ്വാമി സുന്ദർമൂര്‍ത്തി ബംഗളൂരു സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ചത്. ഒരു സംഘം ഭീകരർ തമിഴ്നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്നും സന്ദേശമുണ്ടായിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ജാഗ്രതാ നിർദേശം നൽകിയിരുന്നു.