തിരുവനന്തപുരം : നിയമന തട്ടിപ്പ് കേസിൽ പ്രതി ബാസിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി (Basith Arrested in Health Department Job Fraud). മലപ്പുറം മഞ്ചേരിയിൽ നിന്നാണ് ബാസിത്തിനെ കന്‍റോൺമെന്‍റ് പൊലീസ് (Cantonment Police) അറസ്റ്റ് ചെയ്തത്. കേസിൽ ബാസിത്തിനെ പൊലീസ് പ്രതി ചേർക്കുകയും ചെയ്‌തു. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ബാസിത് എത്തിയിരുന്നില്ല. ബുധനാഴ്‌ച വെളുപ്പിനാകും ബാസിത്തിനെ തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിക്കുക.
നിയമന തട്ടിപ്പിൽ ബാസിത്താണ് മുഖ്യ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തി പലപ്പോഴായി ബാസിത് പണം വാങ്ങിയതായി ഹരിദാസൻ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസൻ തുടർച്ചയായി മൊഴി മാറ്റി പറയുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ബാസിത്തിനെയും റഹീസിനെയും ഹരിദാസനെയും ഒരുമിച്ചിരുത്തിയും മാറ്റിയിരുത്തിയും ചോദ്യം ചെയ്യും. ഹരിദാസനെ ചൊവ്വാഴ്‌ച ചോദ്യം ചെയ്‌ത ശേഷം വിട്ടയച്ചു. ബുധനാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
നിയമന കോഴയിൽ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ (Veena George) ഓഫീസിന് നേരെ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന പൊലീസിന്‍റെ സംശയം ബാലപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിന്‍റെ പരിസരത്ത് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് നിയമനത്തിനായി പണം കൈമാറിയെന്നായിരുന്നു ഹരിദാസന്‍റെ പരാതി.