തിരുവനന്തപുരം: ലാഭ വിഹിതം ഉയര്‍ത്തിയതിലെ ബാറുടമകളുടെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദന്‍ വിളിച്ച യോഗം ഇന്ന്. വെയര്‍ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയ ബിവറേജസ് കോര്‍പ്പറേഷന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു കിടക്കുകയാണ്. ബാറുകളിലൂടെ പാഴ്സലായി മദ്യ വില്‍ക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
ലാഭ വിഹിതം നാമമാത്രമായതിനാല്‍ മദ്യം പാഴ്‌സലായി വില്‍ക്കുന്ന തീരുമാനം പ്രായോഗികമല്ലെന്നാണ് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. 25 ശതമാനമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയ്ല്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതിലാണ് ബാറുടമകള്‍ക്ക് പ്രതിഷേധം.
Also read: മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു
ബെവ്‌കോയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാറുകള്‍ തിങ്കളാഴ്ച മുതലാണ് അടച്ചിട്ടത്. നികുതി സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലാണ് യോഗം. മന്ത്രിതല ഇടപെടല്‍ ഉണ്ടാകണമെന്നാണ് ബാറുടമകളുടെ ആവശ്യം.
കൊവിഡ് കാലത്ത് വ്യവസായികളെ സഹായിക്കുന്നതിന് പകരം വില വര്‍ധിപ്പിച്ച് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് ഉടമകളുടെ ആരോപണം. ബാറുകൾ കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം നല്‍കുന്ന കണ്‍സ്യൂമര്‍ഫെഡിന്‍റെയും ലാഭവിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടില്‍ നിന്ന് 20 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതില്‍ കണ്‍സ്യൂമര്‍ഫെഡും മന്ത്രിയെ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചിരിക്കുന്നത്.