തിരുവനന്തപുരം : ക്രിമിനൽ പശ്ചാത്തലമുള്ളവർ ടൂറിസ്‌റ്റ് ബസ് ഓടിക്കുന്നത് തടയണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ക്രിമിനൽ പശ്ചാത്തലമുള്ളവരും മുൻപ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുമായവർ കോൺട്രാക്റ്റ് ക്യാരേജുകളുടെ ഡ്രൈവർമാരാകുന്നത് തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്‍റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശം നൽകി.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ടൂറിസ്‌റ്റ് ബസോടിക്കുന്നത് തടയണം : മനുഷ്യാവകാശ കമ്മിഷന്‍ - ടൂറിസ്‌റ്റ് ബസ്
പാലക്കാട് വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ്
പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിൻ്റെ ഉത്തരവാദിത്തമാണെന്നും കമ്മിഷൻ പറഞ്ഞു. സ്‌കൂൾ കോളജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുള്ളതായി ട്രാൻസ്പോർട്ട് കമ്മിഷണർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
വിനോദയാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്നും ഇവരുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്‍റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാൻ എക്സൈസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.