തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്പലത്ത് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെ.എൻ ബാലഗോപാല്‍. കേന്ദ്രസഹായം ലഭിക്കുന്നത് കൊണ്ടാണ് ഡല്‍ഹിയില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഡല്‍ഹിയ്ക്ക് കൂടുതല്‍ കേന്ദ്ര സഹായം കിട്ടുന്നുണ്ടെങ്കിലും നിതി ആയോഗിന്‍റെ സൂചികകളില്‍ കേരളമാണ് മുന്നിട്ട് നില്‍ക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണ് കേരളം മുന്നിട്ട് നില്‍ക്കുന്നത്. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ നല്ലതായിരിക്കാം എന്നാലും കേരളത്തിന്‍റെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ പരിശോധിച്ച് വേണം അഭിപ്രായം പറയാനെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരള മോഡലിനെകുറിച്ച് എഎപി എന്തുകൊണ്ട് പറയുന്നില്ലെന്നും ധനമന്ത്രി ചോദിച്ചു.
സര്‍ക്കാര്‍ ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ലെന്നും കണക്കുകള്‍ പറയുമ്പോള്‍ പരിശോധിച്ച് വേണം പറയാനെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് മന്ത്രിമാര്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന കെ പി സി സി പ്രസിഡന്‍റെ് കെ സുധാകരന്‍റെ വാദം ധനമന്ത്രി തള്ളി.