തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തും. ബാലഭാസ്‌ക്കറിന്‍റെ മുൻ മാനേജരും സുഹൃത്തുമാണ് പ്രകാശ് തമ്പി. നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയതിന് പ്രകാശ് തമ്പിയെ ഡി.ആർ.ഐ അറസ്റ്റ് ചെയ്‌തിരുന്നു. മരണത്തിൽ പ്രകാശ് തമ്പിക്ക് നിർണായക പങ്കുണ്ടെന്ന് ബാലഭാസ്ക്കറിന്‍റെ അച്ഛൻ സി.കെ ഉണ്ണി ആരോപിച്ചിരുന്നു.
ബാലഭാസ്ക്കറിന്‍റെ മരണം; സിബിഐ പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തും - ബാലഭാസ്ക്കറുടെ മരണം
ബാലഭാസ്‌ക്കറിന്‍റെ മുൻ മാനേജരും സുഹൃത്തുമാണ് പ്രകാശ് തമ്പി. കേസിലെ നിർണായക മൊഴിയാണ് പ്രകാശ് തമ്പിയുടേത്

ബാലഭാസ്ക്കറിന്‍റെ സമ്പാദ്യവും മരണസമയത്ത് ഉപയോഗിച്ചിരുന്ന മൊബൈലും പ്രകാശ് തമ്പിയുടെ കൈവശമാണെന്നാണ് അച്ഛന്‍റെ ആരോപണം. ഇക്കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് മുന്നിലും സി.കെ ഉണ്ണി മൊഴിയായി രേഖപ്പെടുത്തിയിരുന്നു. കൂടാതെ അപകടസമയത്ത് കാറോടിച്ചിരുന്ന ഡ്രൈവർ അർജുനനെ ബാലഭാസ്‌ക്കറിന് പരിചയപ്പെടുത്തിയതും പ്രകാശ് തമ്പിയാണ്. പ്രകാശ് തമ്പി ബാലഭാസ്‌ക്കറിന്‍റെ മാനേജർ അല്ലെന്നും ചില പരിപാടികളുടെ സംഘാടകൻ മാത്രമായിരുന്നുവെന്നുമാണ് ബാലഭാസ്ക്കറിന്‍റെ ഭാര്യ ലക്ഷ്‌മി മൊഴി നൽകിയിരിക്കുന്നത്.
അപകടം സംഭവിച്ച ശേഷം ബാലഭാസ്‌കർ ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയിൽ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയാണ്. ഈ സമയത്ത് ബാലഭാസ്‌കറിനെ കാണാൻപോലും പ്രകാശ് തമ്പി അനുവദിച്ചിരുന്നില്ലെന്നാണ് അച്ഛനും അമ്മയും ആരോപിക്കുന്നത്. ഇതുകൂടാതെ അപകടം നടന്ന യാത്രയുടെ സിസിടിവി ദൃശ്യങ്ങൾ പ്രകാശ് തമ്പി ശേഖരിച്ചിരുന്നു. ബാലഭാസ്‌കർ ജ്യൂസ് കുടിക്കാനിറക്കിയ കൊല്ലത്തെ ജ്യൂസ് കടയിലേതടക്കമുള്ള ദൃശ്യങ്ങളാണ് പ്രകാശ് തമ്പി ശേഖരിച്ചത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താനാണ് സിബിഐ സംഘത്തിന്‍റെ ശ്രമം. കഴിഞ്ഞദിവസം ബാലഭാസ്‌കറിന്‍റെ ബന്ധു പ്രിയ വേണുഗോപാലിന്‍റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ ആദ്യമെത്തിയത് പ്രിയ വേണുഗോപാൽ ആയിരുന്നു.