തിരുവനന്തപുരം :വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അന്വേഷണം ശരിയല്ലെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബാലഭാസ്‌കറിന്‍റെ പിതാവ് കെ സി ഉണ്ണി (Balabhaskar Father Response ). സാമ്പത്തികമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംശയമായി നിലനിൽക്കുന്നത്. സ്വർണ കടത്തുകാർക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. ആദ്യ അന്വേഷണം ശരിയായിരുന്നില്ല. ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സോബിയുടെ മൊഴി അന്വേഷിക്കണം. രാമൻ കർത്താവ് ആണ് തങ്ങളുടെ അഭിഭാഷകൻ. അദ്ദേഹം ഒരുപാട് സഹായിക്കുകയും കേസിനെ കുറിച്ച് ഒരുപാട് പഠിക്കുകയും ചെയ്‌തു. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വിധി ലഭിച്ചത്.
ബാലഭാസ്‌കറിൽ നിന്ന് ഒരുപാടു പേർ പണം കടം വാങ്ങിയിട്ടുണ്ട്. ഒരാൾ 50 ലക്ഷം രൂപ വാങ്ങിയെന്ന് സമ്മതിച്ചിട്ടുണ്ട്. എന്തോ കുഴപ്പമുണ്ടെന്ന് ഹൈക്കോടതിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. നഷ്‌ടപ്പെട്ടത് നഷ്‌ടപ്പെട്ടു. അത് തിരിച്ച് കിട്ടാനില്ല. മാധ്യമങ്ങളെ ഉള്ളൂ സഹായിക്കാനെന്നും അല്ലെങ്കിൽ ആരും അറിയില്ല എന്നും ശരിയായുള്ള കാര്യങ്ങൾ കണ്ടെത്തുമെന്ന് പ്രതിക്ഷീക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സിബിഐക്ക് മൂന്ന് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കാൻ ആകുമോ എന്ന് സംശയമുണ്ട്. ബാലഭാസ്‌കറിന്‍റെ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കെ സി ഉണ്ണി പറഞ്ഞു. അതേസമയം ഇദ്ദേഹം തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
സിബിഐയോട് മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ സിബിഐ ബാലഭാസ്‌കറിന്‍റെ മരണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദം തള്ളിയിരുന്നു.