തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്‍റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഉണ്ണിയും മാതാവ് ശാന്തകുമാരിയും കലാഭവൻ സോബിയും സമർപ്പിച്ച ഹർജികൾ കോടതി തള്ളി. കേസിൽ ദുരൂഹതയും, ഗുഢാലോചനയും നടന്നതായി ഹർജിക്കാർ ആരോപിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ല. ഇതിനാൽ ബാലഭാസ്‌കറിന്‍റെ മരണം അപകടമാണെന്ന സിബിഐ കണ്ടെത്തൽ കോടതി അംഗീകരിച്ചു.
കേസിലെ ഏക പ്രതി അർജുനെ ഒക്ടോബർ 1ന് കോടതിയിൽ നേരിട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖയുടേതാണ് ഉത്തരവ്. അതേസമയം നിർണായക തെളിവുകൾക്ക് മേൽ സിബിഐ കണ്ണടച്ചതായി ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
കുറ്റകൃത്യം ബോധ്യമാകുന്ന നിർണായക സാക്ഷികളെ ബോധപൂർവം ഒഴിവാക്കിയെന്നാണ് വാദി ഭാഗത്തിന്‍റെ ആരോപണം. ഇത് കേസ് അട്ടിമറിക്കാൻ കാരണമായി എന്നാണ് ഹർജിക്കാരുടെ വാദം. എന്നാൽ കേസിൽ സാധ്യമായ എല്ലാ രീതികളും അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചത് എന്നാണ് സിബിഐ നിലപാട്.
ഈ നിലപാട് ശരിവയ്ക്കുന്ന സാക്ഷി മൊഴികളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് സിബിഐയുടെ കണ്ടെത്തൽ. 2019 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം നടന്നത്.
തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാപിനു സമീപത്ത് വച്ചായിരുന്നു അപകടം. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിയ്‌ക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. മകൾ അപകട സ്ഥലത്തും ബാലഭാസകർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.