തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ പേരിലുള്ള ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങള്‍ സിബിഐ ശേഖരിച്ചു. ബാലഭാസ്‌കറിന്‍റെ പേരിൽ എടുത്ത ഇൻഷുറൻസിൽ മുൻ മാനേജരായിരുന്ന വിഷ്‌ണു സോമസുന്ദരത്തിന്‍റെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ബാലഭാസ്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പാണ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിബിഐ ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. എൽഐസി മാനേജര്‍, ഇൻഷുറൻസ് ഡെവലപ്പ്മെന്‍റ് ഓഫീസര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും സിബിഐ ഇത് സംബന്ധിക്കുന്ന മൊഴിയെടുത്തു.
ബാലഭാസ്‌കറിന്‍റെ മരണം; ഇൻഷുറൻസ് പോളിസികളുടെ വിവരങ്ങള്‍ സിബിഐ ശേഖരിച്ചു - insurance policy detail
ബാലഭാസ്ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പാണ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കുന്നതെന്നും വിഷ്‌ണു സോമസുന്ദരത്തിന്‍റെ വിവരങ്ങളാണ് ഇൻഷുറൻസ് എടുക്കുന്നതിനായി നൽകിയിരിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സിബിഐ നടപടി
ബാലഭാസ്‌കറിന്‍റെ മരണത്തിൽ വിഷ്‌ണു സോമസുന്ദരത്തിന് പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്‍റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇൻഷുറൻസ് പോളിസിയിലെ വിവരങ്ങൾ സിബിഐ ഗൗരവമായാണ് കാണുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതിയാണ് വിഷ്‌ണു സോമസുന്ദരം. വിഷ്‌ണു സോമസുന്ദരത്തെയും മാനേജറായിരുന്ന പ്രകാശന്‍ തമ്പിയെയും ബാലഭാസ്‌കറിന്‍റെ മരണം അപകടമല്ല കൊലപാതകമാണെന്ന് ആരോപണമുന്നയിച്ച കലാഭവൻ ശോഭിയെയും സിബിഐ നേരത്തെ നർക്കോ അനാലിസ് ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു.
അപകട ശേഷം മരണം വരെ ബാലഭാസ്‌കറിനെ ചികിത്സിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാരുടെ മൊഴിയും സിബിഐ ശേഖരിച്ചു. അപകടസമയം അതുവഴി കടന്നുപോയ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ വിജയന്‍റെയും കണ്ടക്ടർ അജിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്തിമ റിപ്പോർട്ട് എത്രയും വേഗം തയാറാക്കാനാണ് സിബിഐ ശ്രമം. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.