വിജയ് പി നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ ജയകൃഷ്‌ണൻ
സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നത് ഏതൊരു വ്യക്തി ചെയ്‌താലും അത് മുഴുവൻ സ്‌ത്രീ സമൂഹത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു.
തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിച്ച വിജയ് പി നായരുടെ ജാമ്യാപേക്ഷ തള്ളി. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നത് ഗൗരവമുള്ള കുറ്റമാണ് എന്ന നിരീക്ഷണത്തോടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ ജയകൃഷ്‌ണന്‍റേതാണ് ഉത്തരവ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നത് ഏതൊരു വ്യക്തി ചെയ്‌താലും അത് മുഴുവൻ സ്‌ത്രീ സമൂഹത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്ന പ്രോസിക്യൂഷൻ വാദം കോടതി പരിഗണിച്ചു. ഐടി നിയമത്തിലെ വകുപ്പുകൾ നിലനിൽക്കുകയില്ല എന്ന പ്രതിഭാഗം വാദം കോടതി തള്ളി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, ഐടി വകുപ്പിലെ 67, 67 എ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരം സ്‌ത്രീ വിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശങ്ങളും നടത്തിയതിനെ തുടർന്നാണ് ഭാഗ്യലക്ഷ്‌മി പ്രതിക്കെതിരെ പരാതി നൽകിയത്. വിജയ് പി നായരെ ആക്രമിച്ച കുറ്റത്തിന് ഭാഗ്യലക്ഷ്‌മി അടക്കമുള്ളവർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി ബീന സതീഷ് ഹാജരായി.