തിരുവനന്തപുരം:യൂ ട്യൂബർ വിജയ്.പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു സ്‌ത്രീകളുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളി. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്‌ജി എൻ. ശേഷാദ്രിനാഥന്‍റേതാണ് ഉത്തരവ്. സംസ്‌കാരമുള്ള സമൂഹത്തിന് ചേർന്ന പ്രവർത്തിയല്ല, നിയമം സംരക്ഷിക്കുവാൻ ഇവിടെ നിയമ സംവിധാനം ഉണ്ട്. ഇത് നോക്കി നിൽക്കാൻ കോടതിക്ക് കഴിയില്ല. പ്രതികൾ ചെയ്‌ത പ്രവൃത്തി സമൂഹത്തതിന് ചേർന്നതല്ല എന്നീ കാരണങ്ങളാൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകും എന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതെന്ന് വിധിയിൽ പറയുന്നു.
വിജയ് പി നായരെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു പേരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി - വിജയ്.പി.നായരെ ആക്രമിച്ച കേസ്
തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്‌ജി എൻ. ശേഷാദ്രിനാഥന്‍റേതാണ് ഉത്തരവ്.
സ്‌ത്രീകൾക്കെതിരെ അശ്ലീല വീഡിയോ യൂ ട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത വിജയ്.പി.നായരെ മർദിച്ച കേസിലാണ് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്‌മി അടക്കം മൂന്നു സ്‌ത്രീകളെ അപമാനിച്ചു എന്ന കേസിൽ വിജയ്.പി.നായരുടെ മുൻകൂർ ജാമ്യ അപേക്ഷ ഉപാധികളോടെ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.