കേരളം

kerala

ETV Bharat / state

ഫയർ ഓഡിറ്റ്‌ റിപ്പോർട്ട് നൽകിയാലും പല വകുപ്പുകളും തുടർ നടപടികൾ സ്വീകരിക്കുന്നില്ല; ബി സന്ധ്യ

ഫയർ ഫോഴ്‌സ് ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയാലും മറ്റ് വകുപ്പുകൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ബി സന്ധ്യ. ഫയർ ഫോഴ്‌സ്‌ മേധാവി ബി സന്ധ്യ തന്‍റെ വിരമിക്കൽ ചടങ്ങിലാണ് വിമർശനം നടത്തിയത്

B Sandhya  B Sandhya services  B Sandhya biography  ഫയർ ഫോഴ്‌സ്‌  ഫയർ ഫോഴ്‌സ്‌ മേധാവി  ബി സന്ധ്യ  ബി സന്ധ്യ വിരമിക്കൽ  B Sandhya Retirement  B Sandhya Retirement speech
ബി സന്ധ്യ

By

Published : May 29, 2023, 6:34 PM IST

തിരുവനന്തപുരം : ഫയർ ഓഡിറ്റ്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് റിപ്പോർട്ട്‌ നൽകിയിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഫയർ ഫോഴ്‌സ്‌ മേധാവി ബി സന്ധ്യ. സർവിസിൽ നിന്നും വിരമിക്കുന്ന ബി സന്ധ്യക്ക്‌ ഫയർ ഫോഴ്‌സ്‌ നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് വിമർശനം. ഫയർ ഓഡിറ്റ്‌ നടത്തി പലപ്പോഴും റിപ്പോർട്ട്‌ കൃത്യമായി നൽകിയാലും പല വകുപ്പുകളും തുടർ നടപടികൾ സ്വീകരിക്കാത്ത സാഹചര്യമാണുള്ളത്.

ഫയർ ഫോഴ്‌സിന് എൻഫോസ്‌മെന്‍റ് അധികാരമില്ല. അതു കൊണ്ട് തന്നെ നോട്ടിസ് നൽകാൻ മാത്രമേ കഴിയുകയുള്ളൂ. സുരക്ഷ ഓഡിറ്റ്‌ നൽകി കൃത്യമായി റിപ്പോർട്ട്‌ നൽകിയിട്ടും മലപ്പുറത്തെ താനൂരിൽ ബോട്ടപകടം ഉണ്ടായി. നാം ഓരോരുത്തരെയും ഈ അപകടം ചിന്തിപ്പിക്കണം. വീഴ്‌ചകൾ വരുത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു.

ഫയർ ഫോഴ്‌സിൽ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി നോട്ടിസ് നൽകാനേ സാധിക്കുകയുള്ളു. എന്നാൽ ഫയർ ഫോഴ്‌സിന്‍റെ നിർദേശങ്ങൾ നടപ്പിലാക്കേണ്ടവർ അത് അവഗണിക്കുകയാണ്. നാം ഓരോരുത്തരും പൗര ബോധമുള്ള ജനതയാകണം. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നമ്മൾ ഓരോരുത്തരും തയ്യാറാകണം. പാഠ്യപദ്ധതിയിൽ അത് ഉൾപ്പെടുത്തണം. സ്‌ത്രീ പുരുഷ ഭേദമന്യേ സേനയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും വിരമിക്കൽ ചടങ്ങിൽ ബി സന്ധ്യ പറഞ്ഞു.

ബി സന്ധ്യയുടെ സർവീസ് കാലം : കോട്ടയം പാലാ സ്വദേശിയായ ബി സന്ധ്യ പാലാ അൽഫോൺസ കോളേജിൽ നിന്നും സുവോളജിയിൽ എം എ യും ഓസ്‌ട്രേലിയയിലെ വൊളോങ്ങോങ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹ്യൂമൻ റിസോഴ്‌സ്‌ മാനേജ്‌മെന്‍റിൽ പരിശീലനവും നേടിയിട്ടുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിസിനസ്‌ അനലിറ്റിക്‌സിൽ പി ജി ഡിപ്ലോമയും നേടിയ ബി സന്ധ്യ മത്സ്യഫെഡിലെ പ്രൊജക്‌റ്റ് ഓഫിസറായാണ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

1988 ലാണ് ബി സന്ധ്യ സിവിൽ സർവീസ് നേടുന്നത്. തുടർന്ന് ഷൊർണുർ അസിസ്റ്റന്‍റ് സൂപ്രണ്ട്, ആലത്തൂർ പൊലീസ് ജോയിന്‍റ് സൂപ്രണ്ട്, പൊലീസ് സൂപ്രണ്ട്, കൊല്ലം തൃശൂർ ജില്ല സൂപ്രണ്ട്, അസിസ്റ്റന്‍റ് ഇൻസ്‌പെക്‌ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ, ഇൻസ്‌പെക്‌ടർ ജനറൽ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ അഡിഷണൽ ഡയറക്‌ടർ ജനറലായി സേവനമനുഷ്‌ഠിച്ച് വരുന്ന ബി സന്ധ്യ 2021 മുതലാണ് ഫയർ ഫോഴ്‌സ്‌ മേധാവിയായി ചുമതലയേൽക്കുന്നത്.

സംസ്ഥാനത്തെ ആദ്യ ട്രാഫിക് ഇൻസ്‌പെക്‌ടർ ജനറലായി പ്രവർത്തിച്ചിരുന്ന ബി സന്ധ്യ കേരള പൊലീസ് ആക്‌ട്‌ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് പ്രസിഡന്‍റിൽ നിന്നും അംഗീകാരവും നേടിയിട്ടുണ്ട്. സാഹിത്യ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ബി സന്ധ്യയുടെ 'നീലകൊടുവേലിയുടെ കാവൽക്കരി' എന്ന നോവൽ 2007 ലെ ഇടശ്ശേരി അവാർഡിന് അർഹമായിട്ടുണ്ട്. കൂടാതെ 2013 ലെ കുഞ്ഞുണ്ണി പുരസ്‌കാരം, 2019 ൽ ഇ വി കൃഷ്‌ണപിള്ള സാഹിത്യ പുരസ്‌കാരം എന്നീ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details