തിരുവനന്തപുരം:കോഴിക്കോട് ആവിക്കല്‍തോട് മലിനജല പ്ലാൻ്റിന് എതിരായ പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ശക്തികളെന്ന് മന്ത്രി എം.വി ഗോവിന്ദൻ. പ്ലാൻ്റിന് എതിരായ പ്രതിഷേധം, ജനകീയ സമരത്തിന് നേരെയുള്ള മർദനം, ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള കേസ് എന്നിവയില്‍ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മാലിന്യ സംസ്‌കരണം സർക്കാറിൻ്റെ വികസന ലക്ഷ്യമാണ്. ഇതിൻ്റെ ഭാഗമായാണ് ശാസ്‌ത്രീയ മാലിന്യ സംസ്‌കരണ പ്ലാൻ്റ് എന്ന നിലപാട്. ആവിക്കൽ പ്ലാൻ്റ് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നിർമിക്കുക. എല്ലാവിധ അനുമതിയും നേടിയ പണികൾ തുടങ്ങിയപ്പോഴാണ് പ്രതിഷേധം.
എല്ലാവരെയും പദ്ധതി സംബന്ധിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. സർവകക്ഷി യോഗം അടക്കം ചേർന്നിട്ടുണ്ട്. സർക്കാറിന് പദ്ധതിയിൽ ഒരു പിടിവാശിയുമില്ല. എന്നാൽ, പ്രശ്‌നമുണ്ടാക്കിയത് എസ്.ഡി.പി.ഐയും വെൽഫയർ പാർട്ടിയുമാണ്. തീവ്രവാദ സ്വഭാവമുള്ള വിഭാഗങ്ങൾക്ക് അല്ലാതെ, എല്ലാവരും അംഗീകരിച്ച പദ്ധതിക്ക് എതിരെ പ്രശ്‌നമുണ്ടാക്കുന്ന നിലപാട് സ്വീകരിക്കാനാവില്ല. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇത് തീവ്രവാദ സ്വഭാവം വ്യക്തമാകുന്നതാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയും സമരത്തിന് പിന്നില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.