തിരുവനന്തപുരം: നദീതടങ്ങളിലെ ജല സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുവാന്‍ റിവര്‍ബേസിന്‍ കണ്‍സര്‍വേഷന്‍ ആന്‍റ് മാനേജ്‌മെന്‍റ് അതോറിറ്റി രൂപീകരിക്കും. അതോറിറ്റി രൂപവല്‍ക്കരണത്തിനുള്ള കരട് ബില്ല് തയ്യാറായിട്ടുണ്ട്. നിയമം ഈ വര്‍ഷം തന്നെ കൊണ്ടുവരും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍, റിസര്‍വോയറുകളിലെ ജലപരിപാലനം, ജലത്തിന്‍റെ ഗുണ നിലവാരം, എന്നിവയ്ക്കുള്ള ആധികാരിക വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായി കേരള വാട്ടര്‍ റിസേഴ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ജലവകുപ്പ് കമ്മിഷന്‍ ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
കടലാക്രമണം രൂക്ഷമാകുന്ന ചെല്ലാനം, കൈപ്പമംഗലം, ചേര്‍ത്തല, പൂന്തുറ എന്നീ തീരപ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ അതീവ ശ്രദ്ധ കേന്ദ്രീകരിക്കും. അന്തരിച്ച കെ.എം.മാണിയുടെ ഓര്‍മക്കായി ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത സൂക്ഷ്മ ജലസേചന പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ട്. ജലസേചനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട നാണ്യവിളകള്‍, ഫലവൃക്ഷ വിളകള്‍, പച്ചക്കറി എന്നിവയുടെ ഉത്പാദന വര്‍ധനവിന് സാമൂഹികാധിഷ്ഠിത സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും.