തിരുവനന്തപുരം :ഒരാഴ്‌ചയ്‌ക്ക് മുന്‍പുണ്ടായ ശക്തമായ കടലേറ്റത്തിൽ ഭാഗികമായി തകർന്നതാണ് പൂന്തുറ തീരദേശവാസിയായ പൊർക്കിലിന്‍റെ വീട്. വീശിയടിച്ച കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു. തിരയേറ്റത്തില്‍ വീട്ടില്‍ വെള്ളം കയറി. വീട്ടുപകരണങ്ങൾ നശിച്ചു.
ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരമാണ് വീട്ടുമുറ്റത്ത്. പൊർക്കിലിന്‍റെ മാത്രമല്ല പൂന്തുറയിൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 180 ഓളം വീടുകളുടെ അവസ്ഥ സമാനമാണ്. കാലവർഷം ശക്തി പ്രാപിച്ചതോടെയാണ് കടൽ വീണ്ടും പ്രക്ഷുബ്‌ധമായത്. പൂന്തുറ തീരത്ത് കടൽ ഭിത്തിയോ, വലിയ പുലിമുട്ടുകളോ ഇല്ല.
കൂറ്റൻ തിരമാലകളിൽ നിന്നും വീടുകളെ സംരക്ഷിക്കാനായി കരിങ്കല്ലുകളാണ് പാകിയിരുന്നത്. ഈ കല്ലുകൾ രണ്ട് മാസത്തിനിടെ ഉണ്ടായ തിരയടിയിൽ ഒലിച്ചുപോയി. ഇതോടെ വീടുകൾ അപകട ഭീഷണിയിലാണ്. തീരത്ത് കരിങ്കല്ലുകൾ ചിതറി കിടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാകാത്ത സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
വള്ളങ്ങൾ തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. വിഴിഞ്ഞം തീരത്തുനിന്നാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത്. പട്ടിണിയും വറുതിയും മൂലം ദുരിതപൂർണമാണ് കടലിന്‍റെ മക്കളുടെ ജീവിതം. കടലേറ്റത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. വായ്പയെടുത്ത് വാങ്ങിയ വീട്ടുപകരണങ്ങൾ നശിച്ചെന്ന് പ്രദേശവാസിയായ മുത്തപ്പ പറയുന്നു.