തിരുവനന്തപുരം: അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയം വീണ്ടും വേദിയാകുമെന്ന് സൂചന. സെപ്‌റ്റംബറില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ടീം ഒരു ട്വന്‍റി-ട്വന്‍റി മത്സരം കാര്യവട്ടത്ത് കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 3 മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ അവസാന മത്സരമായേക്കും തിരുവനന്തപുരത്ത് നടക്കുക.
സെപ്‌റ്റംബറില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പര: അവസാന മത്സരം കാര്യവട്ടത്ത് കളിച്ചേക്കും - കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കായാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക് എത്തുന്നത്

തെരഞ്ഞെടുപ്പ് പ്രചാരണറാലി, കരസേന റിക്രൂട്ട്‌മെന്‍റ് റാലി എന്നിവയ്‌ക്ക് സ്‌റ്റേഡിയം വിട്ട് കൊടുത്തതിന് പിന്നാലെ കാര്യവട്ടം സ്‌റ്റേഡിയം നശിച്ചിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്താത്തിനെ തുടര്‍ന്ന് ഉപയോഗ ശൂന്യമായ നിലയിലെത്തി. ഇതേകുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് കെ.സി.എ ഒന്നരക്കോടി മുതല്‍ മുടക്കില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചത്.
സ്‌റ്റേഡിയം പുതുക്കിപണിതതിന് പിന്നാലെ വനിത സീനിയര്‍ ടി-20 ലീഗ് ഡേ നൈറ്റ് മത്സരങ്ങളാണ് കാര്യവട്ടത്ത് നടന്നത്. സ്റ്റേഡിയം പുതുക്കിപ്പണിതെങ്കിലും, കൂടുതല്‍ അറ്റകുറ്റപ്പണികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം.