തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട വ്രതത്തിന് തുടക്കമായി. 830 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ട നേർച്ചക്കായി ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഈറനുടുത്ത്, ക്ഷേത്രനടയിൽ തൊഴുത് കയ്യിൽ കാപ്പുകെട്ടുന്നതോടെയാണ് കുത്തിയോട്ട വ്രതത്തിന് തുടക്കമാകുന്നത്. പള്ളി പലകയിൽ ഏഴ് നാണയങ്ങൾ ദേവിക്ക് കാഴ്‌ച വെച്ച്, മേൽശാന്തിയിൽ നിന്നും പ്രസാദം വാങ്ങുന്നതോടെ ഇനിയുള്ള ഏഴ് നാൾ കുത്തിയോട്ട ബാലന്മാർ ദേവി ദാസന്മാരായി മാറും.
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് തുടക്കം
ഇനിയുള്ള ഏഴ് നാൾ കുത്തിയോട്ട ബാലന്മാർ ദേവി ദാസന്മാരായി മാറും.
12 വയസുവരെയുള്ള 830 ആൺകുട്ടികളാണ് ഇക്കുറി കുത്തിയോട്ട വ്രതമെടുക്കുന്നത്. കുത്തിയോട്ട ബാലന്മാർ മഹിഷാസുരനുമായുള്ള യുദ്ധത്തിൽ മുറിവേറ്റ ദേവിയുടെ ഭടന്മാരാണെന്നാണ് സങ്കല്‍പം. പുലർച്ചെ കുളിച്ച് ഈറനോടെ ദേവീ നാമജപവുമായി ക്ഷേത്രസന്നിധിയിൽ ഏഴ് ദിവസം കൊണ്ട് 1,008 പ്രദക്ഷിണം ചെയ്‌ത് ഭജനമിരിക്കുന്നതാണ് വ്രതത്തിലെ പ്രധാന ചടങ്ങ്. ക്ഷേത്രത്തിലെ ആചാരമനുസരിച്ച് വ്രത കാലയളവിൽ കുട്ടികൾ വീടുകളിൽ പോകാനോ പുറത്തുനിന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കില്ല.
പൊങ്കാല ദിവസം നിവേദ്യം കഴിഞ്ഞ് വ്രതമിരിക്കുന്ന കുട്ടികൾക്ക് വാരിയെല്ലിന് താഴെയായി ചൂരൽ കുത്തുന്നതോടെ കുത്തിയോട്ടത്തിന് തുടക്കമാകും. വെള്ളി നൂലാണ് ചൂരലായി സങ്കൽപിച്ച് കുത്തുന്നത്. തുടർന്ന് അണിഞ്ഞൊരുങ്ങിയ കുട്ടികൾ ദേവിയുടെ പുറത്തെഴുന്നള്ളും ഘോഷയാത്രയിൽ അകമ്പടി സേവിക്കും. ഘോഷയാത്ര മണക്കാട് ശാസ്‌താ ക്ഷേത്രത്തിലെത്തി പൂജകൾക്ക് ശേഷം ആറ്റുകാലിലേക്ക് തന്നെ മടങ്ങുന്നു. വെള്ളി നൂൽ ഊരിയെടുത്ത് ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട് സമാപിക്കും.