ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 7ന് തിരുവനന്തപുരം:ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് ഏഴിനാണ് ആറ്റുകാല്‍ പൊങ്കാല നടക്കുക. തിങ്കളാഴ്‌ച പുലര്‍ച്ചെ 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ക്ഷേത്രത്തിന് മുന്നിലെ പന്തലില്‍ തോറ്റംപാട്ടുകാര്‍ കണ്ണകി ചരിതത്തിലെ പാണ്ഡ്യരാജാവിന്‍റെ വധം നടന്ന് വിജയശ്രീ ലാളിതയായി വരുന്ന ദേവിയുടെ ഭാഗം പാടി കഴിഞ്ഞ ശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുക. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി ബ്രഹ്മശ്രീ കേശവന്‍ നമ്പൂതിരിക്ക് കൈമാറും. സഹ മേല്‍ശാന്തിയാണ് ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പില്‍ തീപകരുക.
രാവിലെ 10.30നാണ് ഈ ചടങ്ങ്. തുടര്‍ന്ന് ലക്ഷക്കണക്കിന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദ്യ ചടങ്ങുകളുണ്ടാകുക. നിവേദ്യത്തിനായി 300 പൂജാരിമാരെ ക്ഷേത്രത്തില്‍ നിന്നും നിയോഗിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് റെക്കോഡില്‍ ആറ്റുകാല്‍ പൊങ്കാല ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തില്‍ റോഡിന് ഇരുവശത്തുമായി ഏകദേശം നാല് കിലോമീറ്റര്‍ ദൂരത്തില്‍ അടുപ്പുകള്‍ നിരത്താറുണ്ട്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രവും പൊങ്കാലയും:തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുള്ള അതിപുരാതനവും പ്രശസ്‌തവുമായ ക്ഷേത്രമാണ് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം. കരമനയാറിന്‍റെയും കിള്ളിയാറിന്‍റെയും സംഗമ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ഭദ്രകാളിയാണ്. ആറ്റുകാലമ്മ എന്നറിയപ്പെടുന്ന പ്രതിഷ്‌ഠയെ കണ്ണകി, അന്നപൂര്‍ണേശ്വരി ഭാവങ്ങളില്‍ സങ്കല്‍പ്പിക്കുന്നവരുമുണ്ട്.
നിരവധി സ്‌ത്രീകള്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. പൊങ്കാല ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവരില്‍ സ്‌ത്രീകള്‍ നിരവധി ആയതുകൊണ്ട് തന്നെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തെ സ്‌ത്രീകളുടെ ശബരിമലയെന്നും അറിയപ്പെടുന്നുണ്ട്. കുംഭമാസത്തിലാണ് പൊങ്കാല മഹോത്സവം നടക്കുക. കുംഭമാസത്തിലെ കാര്‍ത്തിക നാളില്‍ തുടങ്ങി തുടര്‍ച്ചയായി പത്ത് ദിവസങ്ങളിലായി നടക്കുന്ന ഇവിടുത്തെ പ്രധാന ഉത്സവമാണ് പൊങ്കാല മഹോത്സവം.
പൊങ്കാല മഹോത്സവം വിശ്വാസവും ഐതിഹ്യവും: കുംഭ മാസത്തില്‍ പൂരം പൗര്‍ണമി നാളുകള്‍ ഒത്തുകൂടുന്ന ദിവസമാണ് പൊങ്കാല. ഈ ദിനത്തില്‍ പൊങ്കാലയിട്ടാല്‍ തങ്ങള്‍ക്ക് വരാനിരിക്കുന്ന ആപത്തുകള്‍ ഇല്ലാതാവുകയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകുകയും മുന്നോട്ടുള്ള ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം.
ക്ഷേത്ര നിര്‍മാണത്തിന് തുടക്കമായത്:ആറ്റുകാല്‍ ദേശത്തെ പ്രധാന തറവാടുകളിലൊന്നായിരുന്നു മുല്ലവീട്ടില്‍ തറവാട്. ഈ തറവാട്ടിലെ മുഖ്യകാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില്‍ കുളിച്ച് കൊണ്ടിരിക്കെ ഒരു ബാലിക തന്‍റെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടു. കാരണവരുടെ അടുത്തെത്തിയ ബാലിക തന്നെ ആറിനപ്പുറത്തെത്തിക്കാമോയെന്ന് ചോദിച്ചു.
ആറില്‍ നല്ല അടിയൊഴുക്കുള്ള സമയമായിരുന്നു. ബാലികയെ മറുകരയിലെത്താന്‍ സഹായിക്കാമെന്ന് കരുതിയ കാരണവര്‍ ബാലികയെ തോളിലേറ്റി ആറ് മുറിച്ച് കടന്ന് മറുകരയിലെത്തിച്ചു. ആറിനപ്പുറത്തെത്തി തന്‍റെ വീട്ടില്‍ കൊണ്ട് പോയി ബാലികയ്ക്ക് ഭക്ഷണം നല്‍കാമെന്ന് വിചാരിച്ചാണ് കാരണവര്‍ മറുകരയിലെത്തിയത്. എന്നാല്‍ മറുകരയിലെത്തിയതും ബാലിക അപ്രത്യക്ഷമായി.
അന്ന് രാത്രി ഉറങ്ങി കൊണ്ടിരിക്കുന്ന കാരണവരുടെ സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടു. നിനക്ക് മുന്നില്‍ ഞാനിന്ന് ബാലിക രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് എനിക്കായി ക്ഷേത്രം പണിത് എന്നെ നീ അതില്‍ കുടിയിരുത്തണമെന്നും ദൈവം അരുളി. നേരം പുലര്‍ന്നതോടെ കാരണവര്‍ ഉടന്‍ തന്നെ കാവിലെത്തി. അവിടെ ശൂലത്താല്‍ അടയാളപ്പെടുത്തിയ രേഖകള്‍ കണ്ട കാരണവര്‍ ഞെട്ടി. ഉടന്‍ തന്നെ രേഖകള്‍ കണ്ടിടത്ത് കോവിലുണ്ടാക്കുകയും ഭഗവതിയെ അവിടെ കുടിയിരുത്തുകയും ചെയ്യുകയായിരുന്നു.
ദാരിക വധത്തിന് ശേഷം ഭക്തരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ സ്‌ത്രീജനങ്ങള്‍ പൊങ്കാല നിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്ന് വിശ്വാസിക്കുന്നവരുണ്ട്. കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ച കണ്ണകിയുടെ വിജയാഘോഷമായാണ് പൊങ്കാല നിവേദ്യം അര്‍പ്പിക്കുന്നതെന്നും വിശ്വസിക്കുന്നവരുണ്ട്.