തിരുവനന്തപുരം :19 വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതക കേസിൽ സാക്ഷിയായി വിസ്തരിക്കേണ്ട വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഹാജരാക്കാൻ സാധിക്കാത്തതിൽ പൊലീസിന് കോടതിയുടെ രൂക്ഷവിമർശനം. സർവീസിൽ നിന്ന് വിരമിച്ച ശേഷം എല്ലാ മാസവും കൃത്യമായി പെൻഷൻ പറ്റുന്ന മുൻ ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ലെന്ന പൊലീസിന്റെ വാദത്തെയാണ് കോടതി വിമർശിച്ചത് (Court Criticized Police). മണക്കാട് മേടമുക്ക് സതീഷ് നിവാസില്‍ അയ്യപ്പനാശാരിയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ (Attukal Murder Case) സാക്ഷിയാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന എം.എസ്.തങ്കരാജ്.
2004 ൽ നടന്ന കൊലപാതകത്തിലെ സാക്ഷിയായ തങ്കരാജിനെ കണ്ടെത്താനായില്ലെന്ന ഫോർട്ട് പൊലീസ് റിപ്പോര്‍ട്ടാണ് കോടതിയെ ചൊടിപ്പിച്ചത്. കേസ് വിചാരണ നടക്കുമ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുപോലുളള നിരുത്തരവാദിത്വപരമായ പ്രവൃത്തികള്‍ ഒരിക്കലും അനുവദനീയമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കോടതി പൊലീസിന് മുന്നറിയിപ്പ് നൽകി. ഏഴാം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി പ്രസൂന്‍ മോഹനാണ് പൊലീസിനെ വിമർശിച്ചത്.
കേസിനാസ്പദമായ സംഭവം : 2004 ഓഗസ്റ്റ് 28 തിരുവോണ ദിവസമാണ് അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അത്ത പൂക്കളത്തിന് പണം നല്‍കാതെ പൂക്കടയില്‍ നിന്ന് പൂക്കള്‍ എടുത്തതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണക്കാട് മാര്‍ക്കറ്റിന് സമീപം പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയില്‍ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകന് സതീഷും സുഹൃത്ത് സനൽകുമാറും പണം നല്‍കാതെ പൂക്കള്‍ എടുത്തിരുന്നു.