ആറ്റുകാല്‍ കുത്തിയോട്ടം വഴിപാട് നാളെ തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല പൂർവാധികം വർണാഭമായാണ് ഇത്തവണ തിരിച്ചെത്തുന്നത്. നാളെയാണ് ചരിത്ര പ്രസിദ്ധവും ഭക്തി നിര്‍ഭരവുമായ കുത്തിയോട്ട ചടങ്ങ് നടക്കുക. പൊങ്കാലയ്ക്ക് ശേഷം നടക്കുന്ന കുത്തിയോട്ടമെന്ന ചടങ്ങിന് ഇത്തവണ 743 ബാലന്മാരാണ് പങ്കെടുക്കുന്നത്.
ഉത്സവത്തിന്‍റെ ഒമ്പതാം ദിനം നടക്കുന്ന കുത്തിയോട്ടത്തിൽ പങ്കെടുക്കുന്നവർ അണിയുന്ന കിരീടത്തിന്‍റെ നിർമാണത്തിന് പിന്നിൽ അധികമാരും അറിയാത്ത ചില കൗതുകങ്ങളുണ്ട്. 1995 മുതൽ 27 വർഷ കാലത്തോളമായി കുത്തിയോട്ടത്തിന് എത്തുന്ന ബാലന്മാർക്ക് കിരീടം ഒരുക്കുന്നത് ശ്രീവരാഹം രവിയാണ്.
ഇത്തവണയും 743 പേർക്കും 743 കിരീടങ്ങളും ചമയവും തയ്യാറായി കഴിഞ്ഞു. കിരീടം മാത്രമല്ല കുത്തിയോട്ടത്തിനായി എത്തുന്ന ബാലന്മാരെ ഘോഷയാത്രക്കായി തയ്യാറാക്കുന്നതും രവിയാണ്. കൊവിഡിന് മുൻപ് 2020ൽ നടന്ന കുത്തിയോട്ടത്തിൽ 968 ബാലന്മാരാണ് പങ്കെടുത്തിരുന്നത്.
അന്ന് കിരീടം ഒരുക്കാനായി അനുജനും ഒപ്പമുണ്ടായിരുന്നു. കൊവിഡ് ബാധിതനായി അനുജൻ മരണത്തിന് കീഴടങ്ങിയ നൊമ്പരമുണ്ടെങ്കിലും പൂർവാധികം ഉന്മേഷത്തോടെ ഉത്സവം തിരികെ എത്തിയതിന്‍റെ ആവേശത്തിലാണ് രവി ഇന്ന്. ഉത്സവത്തിനും ഒരു മാസം മുൻപാണ് കിരീടത്തിന്‍റെ നിർമാണം ആരംഭിക്കുന്നത്.
കിരീടത്തിന്‍റെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കും. തുടർന്ന് ഉത്സവത്തിന്‍റെ ഒന്നാം ദിവസം ഇവ ക്ഷേത്രത്തിലെത്തിക്കും. പൊങ്കാല നടക്കുന്ന ഉത്സവത്തിന്‍റെ 9 ആം ദിവസത്തിന് മുൻപായി കിരീടം പൂർത്തിയാക്കുന്ന പണികൾ ആണ് പിന്നെ. രവിയുടെ സഹപ്രവർത്തകരും ഇതിനൊപ്പം കൂടും. എന്നാൽ മുഴുവൻ മേൽനോട്ടത്തിന്‍റെയും ചുമതല രവിക്ക് തന്നെ.
പൂർണമായും പ്രകൃതി സൗഹൃദ വസ്‌തുക്കൾ ഉപയോഗിച്ചാണ് കിരീടത്തിന്‍റെ നിർമാണമെന്നാണ് മറ്റൊരു കൗതുകം. ഹരിത ചട്ടവും പ്രൊട്ടോകോളുകളുമൊക്കെ വരുന്നതിന് മുൻപേ രവിക്ക് ഇതൊരു ശീലമായിരുന്നു.
കുത്തിയോട്ടവും ആറ്റുകാല്‍ പൊങ്കാലയും:കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ നടക്കുന്ന പ്രാചീനവും പ്രസിദ്ധവുമായ ദ്രാവിഡ അനുഷ്‌ഠാന കലയാണ് കുത്തിയോട്ടം. ആദിപരാശക്തിക്ക് ഭക്ത ജനങ്ങള്‍ വഴിപാടായി നടത്തുന്ന ഒന്നാണ് ഈ കുത്തിയോട്ടം. കേരളത്തില്‍ ചിലയിടങ്ങളില്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന കുത്തിയോട്ടത്തില്‍ പ്രധാനമായും ബാലന്മാരാണ് പങ്കെടുക്കുക.
12 വയസിന് താഴെയുള്ള ബാലന്മാരാണ് കുത്തിയോട്ടത്തിനെത്തിക്കുക. ആറ്റുകാല്‍ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ കുത്തിയോട്ടത്തിന് തയ്യാറെടുക്കുന്ന ബാലന്മാര്‍ 9 ദിവസം വ്രതം അനുഷ്‌ഠിക്കണം. ചൂരല്‍ മുറിയലും ഘോഷ യാത്രയും ദേവീ സ്‌തുതികള്‍ ചൊല്ലിയുള്ള നൃത്തം തുടങ്ങിയവയാണ് കുത്തിയോട്ടത്തിലെ പ്രാധാന ചടങ്ങുകള്‍.
ക്ഷേത്ര കുളത്തില്‍ കുളിച്ച് ഈറനുടുത്ത് എത്തുന്ന ബാലന്മാരെ ഒരുക്കി തലയില്‍ കിന്നരി വച്ച തൊപ്പിയും മണിമാലയും ദോഹമാസകലം കളഭവും പൂശും. ബാലന്മാരുടെ അരയില്‍ സ്വര്‍ണമോ വെള്ളിയോ കൊണ്ടുണ്ടാക്കിയ നൂല്‍ ചുറ്റും. നേരത്തെ അരയില്‍ ചുറ്റുന്നതിന് പകരമായി ഈ നൂല്‍ തൊലിയില്‍ കൊരുക്കുകയായിരുന്നു. ഇതാണ് ചൂരല്‍ മുറിയല്‍. ഇത്തരത്തില്‍ ലോഹ നൂല്‍ തൊലിക്കുള്ളില്‍ കൊരുക്കുന്ന ബാലന്മാരോടുള്ള പീഡനമാണെന്നും അത്തരം ചടങ്ങുകള്‍ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവിറക്കി. ക്ഷേത്രത്തിലെ കുത്തിയോട്ടം ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള കൊടും ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അത് നിരോധിക്കുകയും ചെയ്‌തു. ഇതോടെയാണ് തൊലിയില്‍ കുരുക്കുന്നതിന് പകരം അരയില്‍ ചുറ്റാന്‍ തുടങ്ങിയത്.
ചൂരന്‍ മുറിയല്‍ ചടങ്ങിന് ശേഷം ബാലന്മാരെ ഘോഷ യാത്രയായി ക്ഷേത്രത്തിലേക്ക് കൊണ്ട് പോകും. ക്ഷേത്രത്തിലെത്തി ഭഗവതിയെ തൊഴുത് അരയിലെ സ്വര്‍ണം വെള്ളി നൂലുകള്‍ അഴിച്ച് ദേവിയ്‌ക്ക് സമര്‍പ്പിക്കും. ഈ ചടങ്ങുകളോടെയാണ് കുത്തിയോട്ട വഴിപാട് അവസാനിക്കുക.