ഭക്തിസാന്ദ്രമായി ആറ്റുകാൽ ഭഗവതി ക്ഷേത്രം; പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം തിരുവനന്തപുരം: ഭക്തിസാന്ദ്രമായി ആറ്റുകാൽ ഭഗവതി ക്ഷേത്രം. ലോക പ്രശസ്‌തമായ ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
നഗരത്തിൽ പൊങ്കാല കലങ്ങളും അടുപ്പുകളും നിറഞ്ഞു കഴിഞ്ഞു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും കടുത്ത നിയന്ത്രണങ്ങളോടുകൂടിയാണ് പൊങ്കാല നടത്തിയിരുന്നത്. കൊവിഡ് ഭീതി അകന്ന ഇക്കുറി ക്ഷേത്രത്തിലും ക്ഷേത്ര പരിസരങ്ങളിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനാകുന്നതിന്‍റെ സന്തോഷത്തിലാണ് ഭക്തജനങ്ങൾ.
ക്ഷേത്ര പരിസരങ്ങളിൽ അടുപ്പ് കൂട്ടി ഇടംപിടിച്ചു കഴിഞ്ഞു ഇവർ. വിവിധ ജില്ലകളിൽ നിന്നടക്കം നിരവധി പേരാണ് ക്ഷേത്ര പരിസരങ്ങളിൽ ഇടംപിടിച്ച് ദിവസങ്ങൾക്ക് മുൻപേ ഇവിടെയെത്തിയത്. ക്ഷേത്ര ദർശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
സുരക്ഷ ജീവനക്കാരും പൊലീസും നന്നേ പാടുപെട്ടാണ് ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത്. ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കാൻ സാധിക്കുന്നതിന്‍റെ സംതൃപ്‌തിയാണ് ഭക്തർക്ക് പങ്കുവെയ്ക്കാനുള്ളത്. ക്ഷേത്രപരിസരത്തും പ്രധാന ഉത്സവമേഖലകളിലുമെല്ലാം പൊങ്കാല കലങ്ങളും നിറഞ്ഞു കഴിഞ്ഞു.
പൊങ്കാലയിടുന്ന ഭക്തർ കൂടുതലായും മൺപാത്രങ്ങളാണ് ഉപയോഗിക്കുന്നത്. 80 രൂപ മുതൽ പൊങ്കാല കലങ്ങൾ വിപണിയിൽ ലഭ്യമാണ്. പൊങ്കാലയ്ക്ക് ഒരാഴ്‌ച മുൻപ് തന്നെ പൊങ്കാലക്കലം വിൽപന വിപണയിൽ സജീവമാണ്.
ആറ്റുകാൽ പൊങ്കാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ക്ഷേത്ര ട്രസ്‌റ്റും സർക്കാരും പൂർത്തിയാക്കി. നാളെ രാവിലെ 10 പണിക്ക് ക്ഷേത്രനടയിൽ ശുദ്ധ പുണ്യാഹം നടത്തി 10.30 നാണ് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 2.30 ഉച്ച പൂജ കഴിഞ്ഞാണ് പൊങ്കാല നിവേദ്യം.
രാത്രി 7.45ന് കുത്തിയോട്ടവും ചൂരൽക്കുത്തും നടക്കും. 10.15നാണ് പുറത്തെഴുന്നള്ളിപ്പ്. സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കിയിരിക്കുന്നത്.