തിരുവനന്തപുരം:മലയാളികളടക്കം കന്യാസ്‌ത്രീകളെ ട്രെയിൻ യാത്രയ്‌ക്കിടെ ആക്രമിച്ച സംഭവത്തില്‍ ബജ്റംഗ് ദള്‍ പ്രവർത്തകർക്കും ഝാന്‍സി പൊലീസിനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്‍റെയും കത്ത്. രാജ്യത്തിന്‍റെ പ്രതിഛായയ്‌ക്കും മത സഹിഷ്‌ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്‍റെയും പൊലീസിന്‍റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
കന്യാസ്‌ത്രീകളെ ആക്രമിച്ചതില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും - രമേശ് ചെന്നിത്തല
മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രവൃത്തിയാണെന്നും ഗൗരവമായി കാണണമെന്നും ഇരുവരും കേന്ദ്രത്തിന് അയച്ച കത്തില്‍.
അതേസമയം കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി ഭരണത്തിന് കീഴില്‍ മതനിരപേക്ഷത എത്രമാത്രം അകലെയാണെന്നതിനുള്ള ഉദാഹരണമാണ് ഈ സംഭവം. കന്യാസ്‌ത്രീകള്‍ക്കു നേരെ ഉണ്ടായ ഈ ആക്രമണം ഭരണകൂടത്തിന്‍റെ ഒത്താശയോടെയാണ് നടന്നത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്വേഷണം നടത്തണം. രാജ്യത്തിന്‍റെ അടിസ്ഥാന ശിലകളായ മതസൗഹാര്‍ദവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്നും രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കി.
ഇന്നലെയാണ് ഉത്തർ പ്രദേശിൽ ട്രെയിൻ യാത്രയ്‌ക്കിടെ മലയാളികളടക്കമുള്ള 4 കന്യാസ്‌ത്രീകളെയും പുതുതായി ക്രിസ്‌തുമതം സ്വീകരിച്ചവരെയും ബജ്റംഗ് ദള്‍ പ്രവർത്തകർ ആക്രമിച്ചത്. കൂടാതെ പെൺകുട്ടികളെ മതംമാറ്റാൻ കൊണ്ടുപോകുന്നുവെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചിരുന്നു. തുടർന്നാണ് ഝാൻസി പൊലീസ് എത്തി കന്യാസ്‌ത്രീകളെ ബലംപ്രയോഗിച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഉന്നത തലത്തിലുള്ള ഇടപെടലുകൾക്ക് ശേഷം രാത്രി 11 മണിയോടെയാണ് അവരെ വിട്ടയച്ചത്.