തിരുവനന്തപുരം:പേരൂർക്കടയിൽ ലോ കോളജ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി മദ്യപസംഘത്തിന്‍റെ ആക്രമണം. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടപ്പനക്കുന്ന് വാർഡിലെ സിപിഎം കൗൺസിലറുടെ മകൻ വിഷ്‌ണു, രാഹുൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടിൽ അതിക്രമിച്ച് കയറി ലോ കോളജ് വിദ്യാർഥികൾക്ക് നേരെ മദ്യപ സംഘത്തിന്‍റെ ആക്രമണം ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. അമ്പലമുക്ക് മണ്ണടി ലെയ്‌നിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ച് വീട്ടിൽ അതിക്രമിച്ചു കടന്ന് മർദിച്ചുവെന്നാണ് വിദ്യാർഥികൾ പൊലീസിന് നൽകിയ പരാതി.
ചീത്ത വിളിച്ചുവെന്നാരോപിച്ച് മുറിയിൽ കയറിയ സംഘം മർദിക്കുകയായിരുന്നുവെന്ന് മർദനമേറ്റവർ പറയുന്നു. മർദനത്തിൽ പരിക്കേറ്റ നിധീഷ്, ആമിൻ, ദീപു എന്നീ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു.
അതേസമയം, പ്രതികളുടെ വൈദ്യപരിശോധന പൊലീസ് വൈകിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. അന്വേഷണം തൃപ്‌തികരമല്ലെന്നും ആക്രമണത്തിനിരയായവർ പറയുന്നു.