തിരുവനന്തപുരം:അങ്ങകലെ ടോക്കിയോയിൽ ഒളിമ്പിക്‌സിന് കൊടിയേറുമ്പോൾ തിരുവനന്തപുരത്തെ തീരഗ്രാമമായ പുല്ലുവിളയും ഏറെ പ്രതീക്ഷയിലാണ്. പുല്ലുവിള സ്വദേശിയായ അലക്‌സ് ആന്‍റണി ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കു വേണ്ടി ട്രാക്കിലിറങ്ങുമ്പോൾ കുടുംബവും നാടും ഒരുപോലെ പ്രാർത്ഥനയിലാണ്.
4x400 മീറ്റർ മിക്‌സഡ് റിലേയിലാണ് അലക്‌സ് ആന്‍റണി മത്സരത്തിനിറങ്ങുന്നത്. ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടിയാണ് അലക്‌സ് ലോക കായിക മാമാങ്കത്തിന്‍റെ ട്രാക്കിൽ എത്തുന്നത്. മത്സ്യത്തൊഴിലാളിയായ ആന്‍റണിയുടെയും സർജിയുടെയും മൂത്ത മകനാണ് ഇരുപത്താറുകാരാനായ അലക്‌സ്. മകൻ രാജ്യത്തിന്‍റെ അഭിമാനമാകുന്ന നിമിഷത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബം.
തീരമേഖലയിൽ നിന്നും ടോക്കിയോയിലേക്ക്; പ്രാർത്ഥനയോടെ അലക്‌സിന്‍റെ കുടുംബം മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും ഒളിമ്പിക്‌സിലേക്ക്
അടുത്തിയിടയുണ്ടായ കാറ്റിലും മഴയിലും അലക്‌സിന്‍റെ ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂര ഭാഗികമായി തകർന്നു പോയിരുന്നു. സമീപത്തെ ബന്ധുവീട്ടിലാണ് കുടുംബത്തിന്‍റെ താൽകാലിക താമസം. അച്ഛൻ ആന്‍റണിക്കും സഹോദരൻ അനിലിനും മത്സ്യബന്ധനമാണ് തൊഴിൽ. അലക്‌സ് ഒളിമ്പിക്‌സിൽ മത്സരിക്കുമ്പോൾ സഹോദരി അനീഷയും ഏറെ പ്രതീക്ഷയിലാണ്.
ചെറുപ്പം മുതൽ കായികരംഗത്ത് അലക്‌സ് മികവ് പുലർത്തിയിരുന്നു. ഫുട്‌ബോളിലും വോളിബോളിലും മികച്ച പ്രകടനം കാഴ്‌ച വച്ചിരുന്ന അലക്‌സ്, കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്. സ്‌കൂളിൽ ഹയർ സെക്കണ്ടറിയിൽ പഠിക്കുമ്പോഴാണ് ആദ്യമായി ട്രാക്കിലേക്ക് ഇറങ്ങുന്നത്. പിന്നീട് ചെമ്പഴന്തി എസ്.എൻ. കോളജിലും അവിടെ നിന്ന് സായിയിലേക്കും എത്തിയതോടെ മികച്ച താരമായി ഉയർന്നു.
2013ൽ ബെംഗളൂരുവിൽ നടന്ന നാഷണൽ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ 400 മീറ്ററിൽ വെങ്കലവും 4x400 മീറ്റർ റിലേയിൽ സ്വർണവും നേടി. നാഷണൽ ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലും അലക്സ് പങ്കെടുത്തു. സ്പോർട്‌സ് ക്വാട്ടയിലൂടെ വ്യോമ സേനയിൽ ജോലി ലഭിച്ച അലക്‌സ് നിലവിൽ പഞ്ചാബിൽ ജോലി ചെയ്‌ത് വരികയാണ്.