തിരുവനന്തപുരം: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ (2002) പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഭാരവാഹികളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ വൈകിയതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ (21.01.23) അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യൂ കമ്മിഷണര്‍ ജില്ല കലക്‌ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, തൃശൂര്‍, വയനാട്, കാസര്‍കോട്, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ ഭാരവാഹികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
നടപടി തുടരുന്നു:തിരുവനന്തപുരത്ത് അഞ്ച് പിഎഫ്‌ഐ നേതാക്കളുടെ വീടുകള്‍ കണ്ടുകെട്ടി. കാട്ടാക്കട, വര്‍ക്കല, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് നടപടി. ആലുവയില്‍ മൂന്ന് സ്ഥലങ്ങളില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി. പെരിയാര്‍ വാലി ട്രസ്റ്റ്, കുഞ്ഞുണ്ണിക്കര സ്വദേശികളായ അബ്‌ദുല്‍ ലത്തീഫ്, മുഹമ്മദ് കാസിം എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
കോട്ടയം ജില്ലയിലും 5 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മീനച്ചില്‍ താലൂക്ക് പരിധിയിലെ ഈരാറ്റുപേട്ട വില്ലേജില്‍ 3 പേരുടെയും കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലായി ഓരോരുത്തരുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. റവന്യു വകുപ്പിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.
അബ്‌ദുല്‍ സത്താറിന്‍റെ വീടും വസ്‌തുക്കളും:പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്‌ദുല്‍ സത്താറിന്‍റെ കരുനാഗപ്പള്ളിയിലെ വീടും, വസ്‌തുക്കളും ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തൃശൂര്‍ കുന്നംകുളത്ത് അഞ്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. പഴുന്നാന കാരങ്ങല്‍ വീട്ടില്‍ അസീസ്, പെരുമ്പിലാവ് അധീനയില്‍ വീട്ടില്‍ യഹിയ കോയ തങ്ങള്‍, പെരുമ്പിലാവ് പള്ളിക്കരഞ്ഞാലില്‍ വീട്ടില്‍ ഉസ്‌മാന്‍, ഗുരുവായൂര്‍ പുതുവീട്ടില്‍ മുസ്‌തഫ, വടുതല ഉള്ളിശ്ശേരി പിലക്കൂട്ടയില്‍ വീട്ടില്‍ റഫീഖ് എന്നിവരുടെ സ്വത്തുക്കളും കണ്ട് കെട്ടി. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് നടപടി.
വയനാട്ടില്‍ ഹര്‍ത്താല്‍ അതിക്രമ കേസുകളില്‍ പ്രതികളായ പിഎഫ്ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടും, വസ്‌തുക്കളും കണ്ടുകെട്ടി. ജില്ലയില്‍ 14 ഇടങ്ങളിലാണ് നടപടി സ്വീകരിച്ചത്. കാസര്‍കോട്ട് പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി തുടങ്ങി. കാഞ്ഞങ്ങാട് ചീമേനി വില്ലേജ്, കാക്കടവില്‍ നങ്ങാറത്ത് സിറാജുദീന്‍, തെക്കേ തൃക്കരിപ്പൂര്‍ സിടി സുലൈമാന്‍, കാസര്‍കോട് അബ്‌ദുല്‍ സലാം, ഉമ്മര്‍ ഫാറൂഖ് ആലമ്പാടി എന്നിവരുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്.
നടപടി കോടതി കടുപ്പിച്ചപ്പോൾ: പൊതു മുതല്‍ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്നും സ്വത്ത് കണ്ട്കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ എന്താണ് ഇത്ര വിമുഖതയെന്നും ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. നടപടികള്‍ വൈകിപ്പിച്ചതിന് ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. ഈ മാസം 15നകം നടപടികള്‍ പൂര്‍ത്തീകരിക്കും എന്നും ഉറപ്പ് നല്‍കിയിരുന്നെങ്കിലും സമയപരിധി കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
മിന്നല്‍ ഹര്‍ത്താല്‍ ആക്രമണത്തില്‍ പി.എഫ്.ഐ സംഘടനയില്‍ നിന്നും സംഘടന ഭാരവാഹികളില്‍ നിന്നും 5.2 കോടി രൂപ നഷ്‌ട പരിഹാരം ഈടാക്കാനും തുക കെട്ടിവയ്ക്കാത്ത പക്ഷം അബ്‌ദുല്‍ സത്താറിന്‍റെ അടക്കം സ്വത്തുവകകള്‍ കണ്ടുകെട്ടാനുമായിരുന്നു സെപ്റ്റംബര്‍ 29ലെ കോടതിയുടെ ഇടക്കാല ഉത്തരവ്. എന്നാല്‍ സംഘടനയ്ക്ക് പല ജില്ലകളിലും സ്വത്ത് ഇല്ലെന്നും സംസ്ഥാന കമ്മിറ്റി ഓഫിസ് പോലും വാടക കെട്ടിടത്തിലാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ സ്വത്ത് കണ്ട്കെട്ടാന്‍ കോടതി ഉത്തരവിട്ടത്.