തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് നിലനിന്ന അനിശ്ചതത്വം നീങ്ങി. നിയമസഭയുടെ വര്‍ഷാദ്യ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി 23ന് ആരംഭിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഡിസംബര്‍ 13ന് അവസാനിച്ച സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാതെ സഭ സമ്മേളനം ജനുവരിയില്‍ ആരംഭിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
നിയമസഭ സമ്മേളനം ജനുവരി 23 മുതല്‍; നയപ്രഖ്യാപനത്തിന് കളമൊരുക്കി സര്‍ക്കാര്‍ - മന്ത്രിസഭ യോഗം
പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഈ മാസം 23ന് ആരംഭിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ സര്‍ക്കാര്‍ വേണ്ടെന്നു വച്ചിരുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭയുടെ വര്‍ഷാദ്യ സമ്മേളനം ആരംഭിക്കുക. സജി ചെറിയാന്‍റെ മന്ത്രിസഭ പുനഃപ്രവേശനത്തിന് ഗവര്‍ണര്‍ സുഗമമായി വഴിയൊരുക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയാറായത്
എന്നാല്‍ ഭരണഘടനയെ അവഹേളിച്ചതായി ആരോപണം ഉയര്‍ന്നതിന്‍റെ പേരില്‍ മന്ത്രിസ്ഥാനം നഷ്‌ടപ്പെട്ട സജി ചെറിയാന്‍റെ മന്ത്രിസഭ പുനപ്രവേശനത്തിന് ഗവര്‍ണര്‍ സുഗമമായി വഴിയൊരുക്കിയതോടെ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും നയപ്രഖ്യാപന പ്രസംഗത്തോടെ ഈ വര്‍ഷത്തെ സമ്മേളനം ആരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇക്കാര്യം ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നിയമസഭ എന്നു മുതല്‍ ആരംഭിക്കണമെന്നതു സംബന്ധിച്ച് ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്നാണ് 23 മുതല്‍ നിയമസഭ സമ്മേളനം ആരംഭിക്കാന്‍ തീരുമാനിച്ചത്.
നയപ്രഖ്യാപനത്തിന്‍റെ കരട് തയാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തൊട്ടടുത്ത രണ്ടു ദിവസങ്ങളില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍ മേല്‍ നന്ദി പ്രമേയ ചര്‍ച്ച നടക്കും. ബജറ്റ് ഫെബ്രുവരി 3ന് ആയിരിക്കുമെന്നാണ് സൂചന.