തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കെ തിങ്കളാഴ്‌ച (27-06-2022) ആരംഭിക്കുന്ന നിയമസഭ സമ്മേളനം പ്രക്ഷുബ്‌ധമാകും. മുഖ്യമന്ത്രിയേയും, കുടുംബത്തേയും ആരോപണമുനയില്‍ നിര്‍ത്തിയുള്ള സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലുകള്‍ സഭയില്‍ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക. തൃക്കാക്കരയിലെ യുഡിഎഫിന്‍റെ വന്‍ വിജയത്തിന്‍റെ ആത്മവിശ്വാസം കൂടി പ്രതിപക്ഷത്തിന് ലഭിക്കുന്നതോടെ സഭ കലുഷിതമാകുമെന്ന് ഉറപ്പാണ്.
തൃക്കാക്കരയില്‍ നിന്ന് വിജയിച്ച ഉമാ തോമസ് കൂടി എത്തുന്നതോടെ പ്രതിപക്ഷ നിരയിലെ വനിതാ സാന്നിധ്യം രണ്ടായി ഉയരും. 27 ന് ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ 2022-23 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുമെന്ന് സ്‌പീക്കര്‍ എം.ബി.രാജേഷ് അറിയിച്ചു. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ബജറ്റ് ചര്‍ച്ചകളായിരിക്കും നടക്കുക.