തിരുവനന്തപുരം :പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനത്തിന്‍റെ ഷെഡ്യൂളിൽ മാറ്റം. പതിനഞ്ചാം നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ താത്‌കാലികമായി പിരിയും. പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ആയിരിക്കും അടുത്ത ഷെഡ്യൂൾ തുടങ്ങുക.
സെപ്റ്റംബർ 11 മുതൽ 14 വരെ വീണ്ടും ചേരാനാണ് തീരുമാനം. ഇന്നുചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുനഃക്രമീകരണം.
ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുൻ തീരുമാനം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‌പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് കാര്യോപദേശക സമിതി ചേർന്നത്.
സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനും നടക്കും. പ്രചാരണ പ്രവർത്തനങ്ങളിൽ എംഎൽഎമാര്‍ അടക്കമുള്ള നേതാക്കൾ സജീവമാകുമ്പോൾ നിയമസഭ സമ്മേളനം നടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന പൊതു തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സമ്മേളന ഷെഡ്യൂളിൽ മാറ്റം വരുത്തിയത്.
അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മിഷൻ കണക്കിലെടുക്കണം. വോട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8 നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം.
പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎം സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ചയോടെ ഉണ്ടാകും. കഴിഞ്ഞ തവണ മത്സരിച്ച ജെയ്‌ക് സി തോമസ് അടക്കം നാല് പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരംഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഇക്കാര്യങ്ങളിൽ സിപിഎം നേതൃയോഗം അന്തിമ തീരുമാനം എടുക്കും.