തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ആഴ്‌ചത്തെ അധിക സമയം അനുവദിച്ച് കോടതി (Court allotted Extra Time for Assembly Ruckus Case). അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യത്തെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. നേരത്തെ കോടതി അനുവദിച്ച സമയം സെപ്റ്റംബർ നാലിന് അവസാനിച്ചിരുന്നു.
മുൻ നിയമസഭ സെക്രട്ടറി ശാരംഗധരന്‍റെയും എം എൽ എമാർ ഉൾപ്പെടെ 100 പേരുടെയും മൊഴി ഇതിനോടകം എടുത്തിരുന്നു. ബി സത്യൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, ജമീല പ്രകാശം, ഇ എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്നാകരൻ, കെ ദാസൻ, കെ രാജു, കെ ബി ഗണേഷ് കുമാർ, എ പി അബ്ദുള്ള കുട്ടി, സി ദിവാകരൻ, കെ പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പി സി ജോർജ്, ആർ സെൽവരാജ്, ഇ ചന്ദ്രശേഖരൻ, എ ടി ജോർജ്, കെ കെ ലതിക, കെ എസ് സലീഖ, ബി ഡി ദേവസ്യ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ മൊഴി എടുത്തു. ഇതു കൂടാതെ നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആൻ്റണിയുടെ മൊഴികളും രേഖപ്പെടുത്തി എന്നും അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നുമായിരുന്നു രണ്ടാം ഘട്ട തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.