തിരുവനന്തപുരം:ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾക്ക് ഇത്തവണ കേരള നിയമസഭയിലെ നെൽ കതിരുകളും. നിയമസഭ വളപ്പിൽ കൃഷി ചെയ്ത നെല്ല് നഗരസഭയ്ക്ക് കൈമാറി. ഇതാദ്യമായാണ് നിയമസഭയിൽ വിളഞ്ഞ നെല്ല് നിറപുത്തരി ചടങ്ങുകൾക്ക് ഉപയോഗിക്കുന്നത്.
നിറപുത്തരി ചടങ്ങുകൾക്ക് ഇത്തവണ നിയമസഭയിലെ നെൽ കതിരുകളും - ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
നിയമസഭ വളപ്പിൽ സ്പീക്കറുടെ ഔദ്യോഗിക വസതിക്ക് സമീപം രണ്ട് സെന്‍റോളം വരുന്ന സ്ഥലത്തായിരുന്നു നെൽകൃഷി
![നിറപുത്തരി ചടങ്ങുകൾക്ക് ഇത്തവണ നിയമസഭയിലെ നെൽ കതിരുകളും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4059360-thumbnail-3x2-nell.jpg)
നിറപുത്തിരിക്കുള്ള നെൽ കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് കൃഷി ഭവനിൽ നിന്നും പുത്തരിക്കണ്ടത്ത് നടത്തുന്ന കൃഷിയിൽ നിന്നുമാണ് ശേഖരിക്കുന്നത്. എന്നാൽ പുത്തരിക്കണ്ടത്തെ നെല്ല് ഇത്തവണ പാകമായില്ല. ഇതേ തുടർന്നാണ് നിയമസഭ വളപ്പിലെ നെൽ കതിരുകൾ നിറപുത്തരിക്ക് ഉപയോഗിക്കാൻ വഴിയൊരുങ്ങിയത്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കതിർ കറ്റകൾ നഗരസഭയക്ക് കൈമാറി.
നിറപുത്തരിക്കായി നെല്ല് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. നിയമസഭ വളപ്പിൽ സ്പീക്കറുടെ ഔദ്യോഗിക വസതിക്ക് സമീപം രണ്ട് സെന്‍ററോളം വരുന്ന സ്ഥലത്തായിരുന്നു നെൽകൃഷി. നിയമസഭ ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ കൃഷികളുടെ ഭാഗമായാണ് നെൽകൃഷിയും നടത്തുന്നത്. കുടപ്പനക്കുന്ന് കൃഷിഭവനിൽ നിന്നുള്ള മണിരത്ന ഇനത്തിൽപ്പെട്ട നെൽ വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. നാളെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം.