തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കൂടുതലും ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലമാണ് നെടുമങ്ങാട്. സിപിഐയുടെ പ്രമുഖ നേതാവും വാഗ്മിയുമായ കണിയാപുരം രാമചന്ദ്രനെ 1977ൽ നിയമസഭയിലെത്തിച്ച മണ്ഡലം. 1980ലും 82ലും 1987ലും കെ വി സുരേന്ദ്രനാഥിനെയും നെടുമങ്ങാടിലെ വോട്ടർമാർ നിയമസഭയിലെത്തിച്ചു. പൊതുവേ ഇടതിനനുകൂലമെന്ന് പറയാമെങ്കിലും പ്രവചനാതീതമാണ് മണ്ഡലത്തിന്‍റെ നിലപാട്. 1965ൽ വരദരാജൻ നായരും 1991ലും 96ലും 2011ലും പാലോട് രവിയും ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നെടുമങ്ങാട് കോൺഗ്രസിന്‍റെ പതാക പാറിച്ചു.
മണ്ഡലം ആരുടെയും കുത്തകയല്ലെന്ന് വ്യക്തമാക്കി പലരുടെയും ജയം തീരെ ചെറിയ ഭൂരിപക്ഷങ്ങളിലായിരുന്നു. 2001ൽ സിപിഐയിലെ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ തോൽപ്പിച്ചത് വെറും 156 വോട്ടുകൾക്കാണ്. 2001ന്‍റെ തനിയാവർത്തനം നടന്ന 2006ൽ മാങ്കോട് രാധാകൃഷ്ണന്‍റെ ഭൂരിപക്ഷം 85 വോട്ടുകളായി കുറഞ്ഞു. നിലവിൽ മുൻമന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരൻ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന ജിആർ അനിലാണ് എൽഡിഎഫിന്‍റെ പോരാട്ടം നയിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ പിഎസ് പ്രശാന്തും എൻഡിഎക്കു വേണ്ടി ബിജെപി നേതാവ് ജെ ആർ പദ്മകുമാറും കളത്തിലിറങ്ങുന്നു.
പ്രവചനാതീതമായി നെടുമങ്ങാട് മണ്ഡലം; പ്രതീക്ഷയർപ്പിച്ച് മുന്നണികൾ വികസനം പരിഗണിച്ചാണ് തങ്ങൾ വോട്ടു ചെയ്യുകയെന്ന് നെടുമങ്ങാട്ടെ വോട്ടർമാർ വ്യക്തമാക്കുന്നു. മലയോര, കാർഷിക മേഖലയായ മണ്ഡലത്തിന്‍റെ വിധി നിർണയിക്കാനാവുക സാധാരണക്കാരുടെ നിഷ്‌പക്ഷ വോട്ടുകൾക്കാണ്. സംസ്ഥാന സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളും ഭരണത്തുടർച്ചയെ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തങ്ങളുടെ പെട്ടിയിൽ വോട്ടായി വീഴുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ.
വികസന മുരടിപ്പാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. പാലോട് രവി പ്രതിനിധീകരിച്ച 15 വർഷങ്ങളാണ് മണ്ഡലത്തിന് നേട്ടമായതെന്നും യുഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുവ സ്ഥാനാർഥിയെ രംഗത്തിറക്കുന്നതും പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തുള്ളതും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. അച്ചടക്കത്തോടെയുള്ള ആസൂത്രണമാണ് എൻഡിഎ നടപ്പാക്കുന്ന്. സംസ്ഥാന നേതാവായ ജെആർ പദ്മകുമാർ മത്സരിക്കുന്ന മണ്ഡലം ബിജെപി, എ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന വിവി രാജേഷ് 35,139 വോട്ടുകൾ നേടിയത് ബിജെപിക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല.
നെടുമങ്ങാട് നഗരസഭയും മാണിക്കൽ, കരകുളം, വെമ്പായം, അണ്ടൂർക്കോണം, പോത്തൻകോട്, പഞ്ചായത്തുകളും ചേർന്നതാണ് നെടുമങ്ങാട് നിയമസഭാ മണ്ഡലം. വെമ്പായമൊഴികെയുള്ള പഞ്ചായത്തുകൾ ഇടതു ഭരണത്തിൻ കീഴിലാണ്. ഇത് എൽഡിഎഫിന് മേൽക്കൈ നൽകുന്നുണ്ട്. അതേസമയം ഒരു ഉറപ്പും ആർക്കും നൽകുന്നതല്ല നെടുമങ്ങാടിന്‍റെ ചരിത്രം. അതുകൊണ്ടുതന്നെ മൂന്നു മുന്നണികളും ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലാണ്.