തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി, ചങ്ങനാശ്ശേരി എം.എൽ.എ. സി.എഫ് തോമസ് എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്കും സിഎഫ് തോമസിനും ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ
സ്‌പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയെയും ചങ്ങനാശ്ശേരി എം.എൽ.എ ആയിരുന്ന സിഎഫ് തോമസിനെയും അനുസ്‌മരിച്ചു
രാഷ്‌ട്രപതി പദവിയുടെ യശ്ശസ് ഉയർത്തുന്ന തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനമായിരുന്നു പ്രണബ് കുമാർ മുഖർജിയുടേതെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ അനുസ്‌മരിച്ചു. കർമനിരതവും സംശുദ്ധവുമായ രാഷ്ട്രീയ ജീവിതത്തിലൂടെ മാതൃകാപരമായ പൊതുപ്രവർത്തനം നടത്തിയ നേതാവിനെയാണ് സി.എഫ് തോമസിന്‍റെ വേർപാടിലൂടെ നഷ്ടമായതെന്നും സ്‌പീക്കര്‍ പറഞ്ഞു. രാഷ്‌ട്രപതി സ്ഥാനത്തിന് മതനിരപേക്ഷവും ജനാധിപത്യപരവുമായ ഉളളടക്കം നൽകി അതിന്‍റെ അന്തസ് ദേശാന്തരതലത്തിൽ ഉയർത്തിയ ആളാണ് പ്രണബ് മുഖർജിയെന്നും കര്‍ഷക ജനതയുടെ ശബ്ദമായിരുന്നു സി.എഫ് തോമസെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ കെടാവിളക്കായിരുന്നു പ്രണബ് മുഖർജിയെന്നും ഒപ്പം ഇന്ത്യൻ രാഷ്ട്രീയത്തിലെ ട്രബിൾഷൂട്ടറായിരുന്നു അദ്ദേഹമെന്നും അൽപം പോലും കറ പുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായിരുന്നു സി.എഫ് തോമസെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്‌മരിച്ചു. സാധാരണക്കർക്കും കർഷകർക്കും പാവട്ടവർക്കും വേണ്ടി സി.എഫ് തോമസ് ജീവിതം ഉഴിഞ്ഞുവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു.