തിരുവനന്തപുരം:കയ്യാങ്കളി കേസിലെ സുപ്രീം കോടതിയുടെ ഉത്തരവോടെ നിയമസഭാംഗങ്ങളുടെ പ്രത്യേക പ്രിവിലേജ് ഇല്ലാതായി എന്നൊരു വാദം ഉയരുന്നുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. ഇത് സംബന്ധിച്ച് വിശദമായ ചർച്ച വേണ്ടി വരും. നിയമസഭാംഗങ്ങളുടെ അവകാശത്തിൻമേലുള്ള കടന്ന് കയറ്റമായി ഇതിനെ വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
അതിനാലാണ് പ്രതിപക്ഷം ബഹളം വച്ചപ്പോൾ സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് പറഞ്ഞത്. വിശദമായി പഠിച്ച ശേഷം ഇക്കാര്യത്തിൽ കൃത്യമായ പ്രതികരണമെന്നും പി രാജീവ് പറഞ്ഞു.
മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം
നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയം പ്രതിപക്ഷം അവതരിപ്പിച്ചിരുന്നു. അടിയന്തര പ്രമേയം അനുവദിക്കാത്തതിനാൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് നിയമസഭ കവാടത്തിൽ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകിയത്. മുണ്ട് മാടിക്കുത്തി ബഞ്ചിനും ഡസ്‌കിനും മുകളിൽ നടന്ന ഒരു വിദ്യാഭ്യാസ മന്ത്രി വിദ്യാർഥികൾക്ക് ബെസ്റ്റ് മോഡലാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കോടതിയിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി തൽസ്ഥാനത്ത് തുടരുന്ന കീഴ്വഴക്കങ്ങൾക്ക് ചേർന്നതല്ലെന്നും സതീശൻ പറഞ്ഞു. കവാടത്തിൽ അൽപനേരം മുദ്രാവാക്യം വിളികളുമായി സമരമിരുന്ന പ്രതിപക്ഷം തുടർന്ന് നിയമസഭ വിട്ട് പുറത്തേക്ക് പോയി.
READ MORE:'മുഖ്യമന്ത്രിയുടെ ന്യായീകരണം നിയമവിരുദ്ധം' ; ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെടണമെന്ന് വി.ഡി സതീശൻ