തിരുവനന്തപുരം: പി.സി. ജോർജ് എം.എൽ.എയ്ക്ക് നിയമസഭയുടെ ശാസന. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ പരാതിക്കാരിയായ കന്യാസ്‌ത്രീയെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതിനാണ് നിയമസഭയുടെ നടപടി.
പി.സി ജോർജ് എം.എൽ.എക്ക് നിയമസഭയുടെ ശാസന - p. sreeramakrishnan
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍, ഫെമിനിസ്റ്റ് ലോയേഴ്‌സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവർ നൽകിയ പരാതികളാണ് കമ്മിറ്റി പരിശോധിച്ചത്
പി.സി. ജോർജ് കന്യാസ്‌ത്രീയെ അപമാനിച്ചതായി നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. തുടർന്നാണ് പരാതിക്കാരിയായ ഒരു സ്‌ത്രീക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി. ജോർജിനെ ശാസിക്കാൻ കമ്മിറ്റി ശുപാർശ നൽകിയത്. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍, ഫെമിനിസ്റ്റ് ലോയേഴ്‌സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവർ നൽകിയ പരാതികളാണ് കമ്മിറ്റി പരിശോധിച്ചത്. പ്രസ്‌താവനകളിൽ പി.സി. ജോർജ് ഉറച്ചു നിൽക്കുന്നതായി തെളിവെടുപ്പ് വേളയിൽ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള പ്രസ്‌താവനകൾ നടത്തുന്നത് നിയമസഭാ സാമാജികന് ചേർന്നതല്ലെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. അതേസമയം ശാസന സ്വീകരിക്കുന്നതായി പി.സി. ജോർജ് അറിയിച്ചു.
ക്രൈസ്‌തവ വിശ്വാസി എന്ന നിലയിലാണ് ബിഷപ്പിനെതിരായ പരാമർശത്തിൽ പ്രതികരിച്ചതെന്നും അപമാനിക്കപ്പെട്ട സ്‌ത്രീ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടതാണെന്നും അതിനാൽ കന്യാസ്‌ത്രീയെന്ന പ്രയോഗം സഭാനടപടികളിൽ നിന്ന് നീക്കം ചെയ്യണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു.