തിരുവനന്തപുരം:സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ്‌പി പിപി സദാനന്ദന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുക. എസ്‌പി പി.പി സദാനന്ദൻ അന്വേഷണം തുടങ്ങിയ ശേഷമാണ് ആശ്രമം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.
ഈ സാഹചര്യത്തിലാണ് സദാനന്ദന് അന്വേഷണ ചുമതല നൽകി പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്. അതേസമയം ആശ്രമം കത്തിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പ്രകാശിന്‍റെ ആത്മഹത്യയും പ്രത്യേക സംഘം അന്വേഷിക്കും. കന്‍റോൺമെന്‍റ് അസിസ്റ്റന്‍റ് കമ്മിഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.ആർ. ബിജു, സിഐ സുരേഷ്‌കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്.
2018 ഒക്ടോബർ 27ന് പുലർച്ചെ കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്‌തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും ആക്രമികൾ വെച്ചിരുന്നു. നാലര വർഷം പിന്നിടുമ്പോളാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.
ആശ്രമം കത്തിച്ച സംഭവത്തിൽ തന്‍റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്‍റെ വെളിപ്പെടുത്തലാണ് തുമ്പുണ്ടാക്കിയത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്നാണ് വെളിപ്പെടുത്തൽ.
also read:സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകൻ: നിർണായക വെളിപ്പെടുത്തൽ