ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് തിരുവനന്തപുരം :ആര്യങ്കാവില്‍ ക്ഷീര വികസന വകുപ്പ് പിടികൂടിയ പാലില്‍ മായമില്ലെന്ന കണ്ടെത്തലിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഭക്ഷ്യ സുരക്ഷാവകുപ്പിന്‍റെ പരിശോധന കൃത്യമായി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കേന്ദ്രനിയമത്തിന് അനുസരിച്ചാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പാൽ പരിശോധന സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയിട്ട് കൂടുതൽ കാര്യം വ്യക്തമാക്കാമെന്നും മന്ത്രി പറഞ്ഞു.
രണ്ട് വകുപ്പുകള്‍, രണ്ട് വിശദീകരണങ്ങള്‍ :ക്ഷീര വകുപ്പിന് പരിശോധന നടത്തണമെങ്കിൽ എഫ്എസിസിഐ നിയമം ഭേദഗതി ചെയ്യേണ്ടി വരും. പാല്‍ പിടിച്ചെടുത്തതിന് പിന്നാലെ രാവിലെ ആര്യങ്കാവില്‍ ടെസ്റ്റ് നടത്തി ഫലം കിട്ടിയപ്പോള്‍ തന്നെ ക്ഷീരവികസന വകുപ്പ് ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചിരുന്നെന്ന് വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മന്ത്രി പറഞ്ഞ കാര്യം പരിശോധിക്കുമെന്നും പറഞ്ഞത് ഗൗരവത്തിൽ എടുക്കുന്നുവെന്നും വീണ ജോർജ് പറഞ്ഞു.
എന്തായിരുന്നു ആ പാലില്‍ :കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മായം കലര്‍ത്തിയ പാല്‍ തമിഴ്‌നാട്ടില്‍ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവരുന്നതായി ക്ഷീരവികസന വകുപ്പിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നടപടിയെടുക്കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതില്‍ വിവരം ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറി.
വൈകിയ പരിശോധന :എന്നാല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ആര്യങ്കാവിലെത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ഇത് തിരുവനന്തപുരത്തെ ലാബില്‍ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ വീണ്ടും വൈകി. ആറുമണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയില്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഓക്‌സിജനായി മാറുമെന്നാണ് വിവരം. പരിശോധന നടത്താന്‍ ഏറെ വൈകിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മണിക്കൂറോളം വൈകി സാമ്പിളെടുത്തത് പരിശോധനാഫലത്തെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ആര്യങ്കാവില്‍ ക്ഷീര വികസനവകുപ്പ് പിടികൂടിയ 15,300 ലിറ്റര്‍ പാലില്‍ മായമില്ലെന്നാണ് പരിശോധനാഫലം. പാലിന് കൊഴുപ്പുകുറഞ്ഞുവെന്ന് മാത്രമാണ് കണ്ടെത്തല്‍.
വയനാട്ടിലെ കടുവ ആക്രമണം : കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന ആരോപണത്തിലും മന്ത്രി വീണ ജോർജ് പ്രതികരിച്ചു. സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്‌ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ഉച്ചയ്ക്ക് മുൻപ് നൽകാനാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ചികിത്സാസൗകര്യം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഗുരുതര ആരോപണം : തോമസിന് മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുമായി മകൾ സോന മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ മികച്ച ചികിത്സ നൽകാൻ വിദഗ്‌ധ ഡോക്‌ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. മാത്രമല്ല വയനാട് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ല കോൺഗ്രസ് കമ്മിറ്റി മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.