തിരുവനന്തപുരം:കോർപ്പറേഷൻ സ്പോർട്‌സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ വിശദീകരണം. നഗരസഭ രൂപീകരിക്കുന്ന സ്പോർട്‌സ് സംഘത്തിൽ പട്ടികജാതി-വർഗ്ഗക്കാർക്ക് പ്രത്യേക ടീം ഉണ്ടാക്കുമെന്ന തരത്തിൽ ഞായറാഴ്‌ച പോസ്റ്റ് ചെയ്‌ത കുറിപ്പാണ് വിവാദമായത്. പോസ്റ്റിന് പിന്നാലെ രാഷ്ട്രീയ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ വിമർശനവുമായെത്തിയതോടെ വിശദീകരണവുമായി മേയർ ഇന്നലെ വീണ്ടും പോസ്റ്റിട്ടു.
സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണ ജനകമായി വ്യാഖ്യാനിച്ചുവെന്നാണ് വിശദീകരണം. ഔദ്യോഗികമായി ഒരു ടീം മാത്രമേ ഉണ്ടാകൂ എന്ന് മേയർ പറഞ്ഞു. ജനറൽ വിഭാഗത്തിനുള്ള ഫണ്ട് ഉപയോഗിച്ച് ആരെ വേണമെങ്കിലും പരിശീലിപ്പിക്കാം. അതേസമയം പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് ആ വിഭാഗക്കാരെ മാത്രം തെരഞ്ഞെടുത്തു പരിശീലിപ്പിക്കാനാണ്. അതിനാൽ ടീം തെരഞ്ഞെടുക്കുമ്പോഴും പരിശീലിപ്പിക്കുമ്പോഴും ഇത് വേണ്ടി വരും. പ്രത്യേക ടീം എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മേയർ പറഞ്ഞു.