പാഴ്ക്കുപ്പികളിൽ തീർത്ത കുപ്പിപ്പാവകൾക്ക് പേറ്റൻ്റ് നേടി ചിത്ര തിരുവനന്തപുരം: മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലായുണ്ടെങ്കിൽ ഏത് പ്രതിസന്ധികളും തരണം ചെയ്യാമെന്ന് തെളിയിച്ചിരിക്കുകയാണ് വിഴിഞ്ഞം മുല്ലൂർ സ്വദേശി ജെ ചിത്ര. ജന്മന ഇരു കൈകൾക്കും വൈകല്യം സംഭവിച്ച ചിത്ര, തൻ്റെ വഴങ്ങാത്ത വിരലുകളാൽ പാഴ്ക്കുപ്പികളിൽ തീർത്ത കുപ്പിപ്പാവകൾക്ക് പേറ്റൻ്റ് നേടിയിരിക്കുകയാണ്.
ഇരു കൈകൾക്കും വൈകല്യമുണ്ടെങ്കിലും ചിത്രരചനയും എഴുത്തുമൊക്കെ ഈ കൈകളിൽ അനായാസം വഴങ്ങും. ശാസ്ത്ര ഭവനുമായി ബന്ധപ്പെട്ടാണ് ചിത്ര കുപ്പിപ്പാവകൾക്ക് പേറ്റൻറിനായുള്ള മാർഗനിർദേശങ്ങൾ തേടിയത്.
ഭാരിച്ച ചെലവ് കാരണം സ്വന്തം സ്വർണാഭരണങ്ങൾ പണയം വെച്ചാണ് ചിത്ര പേറ്റന്‍റിനായി അപേക്ഷിച്ചത്. 15 വർഷത്തേക്കുള്ള പേറ്റൻ്റാണ് ചിത്രക്ക് ലഭിച്ചത്. സ്‌കൂൾ പഠനകാലം മുതൽ ചിത്രരചനയിൽ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന ചിത്ര അതിൻ്റെ ചുവടുപിടിച്ചാണ് ബോട്ടിൽ ആർട്ട് രംഗത്തേക്ക് ശ്രദ്ധ പതിപ്പിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ചിത്ര കരാട്ടെയും ജൂഡോയും സ്വായത്തമാക്കിയിട്ടുണ്ട്.
എൽഡിസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും ടൈപ്പ് റൈറ്റിങ് അറിയില്ലെന്ന കാരണത്താൽ അത് നഷ്‌ടമായി. ഇപ്പോൾ ടൈപ്പ് റൈറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് പഠനത്തിൻ്റെ തിരക്കിലാണ് ഈ കലാകാരി. ചിത്രയ്ക്ക് ഇപ്പോൾ വേണ്ടത് ഒരു ജോലിയാണ്. അതിനുള്ള തയാറെടുപ്പിലാണ് അവർ.