കേരളം

kerala

ETV Bharat / state

ഇടവപ്പാതി എത്തിയില്ല; പ്രവചനം തെറ്റിച്ച് ഒളിച്ചുകളി തുടര്‍ന്ന് കാലവര്‍ഷം - കേരളത്തില്‍ മണ്‍സൂണ്‍

കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുന്നത് ഉത്തരേന്ത്യയിലെ അത്യുഷ്‌ണകാലം കൂടുതല്‍ തുടരുന്നതിന് കാരണമാകും

arrival of Monsoon in Kerala  Monsoon in Kerala  Monsoon in Kerala remains Uncertain  Monsoon  Meteorological station  ഇടവപ്പാതി എത്തിയില്ല  പ്രവചനം തെറ്റിച്ച് ഒളിച്ചുകളി തുടര്‍ന്ന് കാലവര്‍ഷം  ഒളിച്ചുകളി തുടര്‍ന്ന് കാലവര്‍ഷം  കാലവര്‍ഷം  ഇടവ മാസം  ഇടവപ്പാതി  കാലവര്‍ഷം  കാലവസ്ഥ നിരീക്ഷണ കേന്ദ്രം  കാലവസ്ഥ  ഇന്നത്തെ കാലവസ്ഥ  മഴ  കേരളത്തില്‍ മണ്‍സൂണ്‍  കേരളത്തില്‍ മഴ
ഇടവപ്പാതി എത്തിയില്ല; പ്രവചനം തെറ്റിച്ച് ഒളിച്ചുകളി തുടര്‍ന്ന് കാലവര്‍ഷം

By

Published : Jun 6, 2023, 3:21 PM IST

തിരുവനന്തപുരം:ഇടവ മാസം തീരാന്‍ കഷ്‌ടിച്ച് ഒരാഴ്‌ച മാത്രം അവശേഷിക്കുമ്പോഴും ഇടവപ്പാതി എന്നറിയപ്പെടുന്ന കാലവര്‍ഷം കേരളത്തിലെത്തിയില്ല. ഇതുസംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയ എല്ലാ പ്രവചനങ്ങളെയും വെട്ടിച്ച് കാലവര്‍ഷം ഒളിച്ചുകളി തുടരുമ്പോള്‍ കേരളം വേനല്‍ച്ചൂടില്‍ വെന്തുരുകുന്നു. കാലവര്‍ഷം ഇത്തവണ വൈകുമെന്നും ജൂണ്‍ രണ്ടിന് എത്തുമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ആദ്യം നല്‍കിയ പ്രവചനം.

പ്രവചനത്തില്‍ കണ്ണുംനട്ട്: പിന്നാലെ പ്രവചനം മാറിമറിഞ്ഞെങ്കിലും കാലവര്‍ഷം മാത്രം എത്തിയില്ല. ഇതോടെ ജൂണ്‍ എട്ടിന് കാലവര്‍ഷം തുടങ്ങുമെന്ന പ്രവചനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് കേരളം. അറബിക്കടലില്‍ ചൂടുകാറ്റിന്‍റെ സാന്നിധ്യം തുടരുന്നതിനാല്‍ കാലവര്‍ഷക്കാറ്റ് കേരള തീരത്തേക്ക് എത്തുന്നില്ലെന്നാണ് കാലവര്‍ഷം വൈകുന്നതിന് കാരണമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്‍റെ കേരളത്തിനനുകൂലമായ സ്വാധീനത്തിലേക്ക് ഇതുവരെയും എത്താത്തതാണ് കാലാവസ്ഥ വൈകുന്നതിന് കാരണമെന്ന പുതിയ നിഗമനത്തിലാണ് കാലാവസ്ഥ വകുപ്പ്.

കാലവര്‍ഷം അനിശ്ചിതമായി വൈകുന്നതു മൂലമുള്ള കാലാവസ്ഥ വ്യതിയാനം സസ്യലതാദികളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന ആശങ്ക പരിസ്ഥി ശാസ്ത്രജ്ഞരും പങ്കുവയ്‌ക്കുന്നു. അതേസമയം കാലവര്‍ഷം വൈകുന്നതിനിടയില്‍ ആശ്വാസമായി പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെയും ചില സമയങ്ങളില്‍ 75 കിലോമീറ്റര്‍ വരെയും കാറ്റിന്‍റെ വേഗം ഉയരാന്‍ സാധ്യതയുണ്ട്.

ഇതിന്‍റെ ഫലമായി ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ ഈ അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. പ്രഭവ കേന്ദ്രത്തില്‍ നിന്നും ഗുജറാത്ത് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ കേരളത്തില്‍ മൂന്നു ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ സൗത്ത് വെസ്‌റ്റ് മണ്‍സൂണ്‍:ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ നീളുന്നതാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം. ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇടവപ്പാതിയെന്ന പേരില്‍ കേരളത്തില്‍ ആരംഭിച്ച് കേരളത്തിലാണ് അവസാനിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരത്ത് തുടങ്ങി കര്‍ണാടക, ഗോവ തീരങ്ങളിലൂടെ കൊങ്കണ്‍ മേഖലയില്‍ പ്രവേശിച്ച് മഹാരാഷ്ട്രയിലൂടെ ഇത് ഉത്തരേന്ത്യയിലേക്ക് കടക്കും. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതോടെയാണ് ഉത്തരേന്ത്യയില്‍ അത്യുഷ്‌ണത്തിന് പരിസമാപ്‌തിയാകുന്നത്.

കേരളത്തില്‍ കാലവര്‍ഷമെത്താന്‍ വൈകുന്നതോടെ ഉത്തരേന്ത്യയിലും മഴക്കാലം ആരംഭിക്കാന്‍ വൈകും. ഇത് ഉത്തരേന്ത്യയിലെ അത്യുഷ്‌ണകാലം കൂടുതല്‍ തുടരുന്നതിന് കാരണമാകും. 1972 ലാണ് കാലവര്‍ഷം എത്തുന്നത് ഏറ്റവും വൈകിയത്. അന്ന് ജൂണ്‍ 18നായിരുന്നു ഇടവപ്പാതി ആരംഭിച്ചത്. 1918ല്‍ മെയ് 11നും 1955ല്‍ മെയ്‌ 11നും കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. ആഗോള താപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനമാണ്‌ കാലവര്‍ഷത്തിന്‍റെ വരവ് വൈകിപ്പിക്കുന്നതെന്ന പൊതുവിലയിരുത്തലാണ്‌ ഉള്ളത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്‌മാവിന്‍റെ സാന്നിധ്യം കാലവര്‍ഷക്കാറ്റ് കേരള തീരത്ത് എത്തുന്നത് വൈകിപ്പിക്കുന്നു. ഇന്ത്യയില്‍ ലഭിക്കുന്ന മഴയുടെ 75 ശതമാനവും ലഭിക്കുന്നത് ജൂണില്‍ ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ്.

ABOUT THE AUTHOR

...view details