തിരുവനന്തപുരം:പൊലീസ് കസ്റ്റഡിയിലെടുക്കുന്നവരെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ആന്തരിക പരിശോധനയും നടത്തുന്നത് നടപ്പാക്കാൻ ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്‌കുമാര്‍ കസ്റ്റഡി മരണക്കേസ് അന്വേഷിച്ച ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി.
കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഇറക്കിയ സര്‍ക്കുലറില്‍ ആന്തരിക പരിശോധനകള്‍ നടക്കണം എന്നാണ്. സാധാരണ വൈദ്യ പരിശോധനയ്ക്ക് ഒരു ഡോക്‌ടറുടെ അടുത്തെത്തിയാല്‍ അപ്പോള്‍ തന്നെ ഡോക്‌ടര്‍ക്ക് ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയില്ല. സ്വാഭാവികമായി അത് ആര്‍ക്കെങ്കിലും റഫര്‍ ചെയ്യണം. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നും അതിന് ജില്ല ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ ആണ് കൊണ്ടു പോകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് Also Read:ബസ്‌മതി അരിയുടെ ഉടമസ്ഥാവകാശം പങ്കുവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും
പരിശോധന ഫലം ലഭിക്കാന്‍ 24 മണിക്കൂറെങ്കിലും ആവശ്യമാണെന്നും അതിനാൽ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ല എന്ന പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡിയില്‍ എടുത്തയാളെ പരിശോധനകള്‍ക്ക് ഹാജരാക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും സാരമായ ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ കൂടുതല്‍ പരിശോധന വേണം എന്ന കാര്യം ഡോക്‌ടര്‍ക്ക് റിപ്പോർട്ടിൽ രേഖപ്പെടുത്താവുന്നതാണ്.
അത്തരം സാഹചര്യങ്ങളിൽ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ ഈ റിപ്പോർട്ട് സഹിതം ഹാജരാക്കിയാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൂടുതല്‍ വൈദ്യ പരിശോധനയ്ക്ക് സൗകര്യം ലഭിക്കും. ഇക്കാര്യങ്ങള്‍ ആരോഗ്യ-ആഭ്യന്തര വകുപ്പുകള്‍ ചര്‍ച്ച ചെയ്‌ത് നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.