അഭയ കേസ്; കെ ജെ ഡാർവിന്‍റെ അറസ്റ്റ് വാറണ്ട് കോടതി പിൻവലിച്ചു - അഭയ കേസ്
കോടതിയിൽ ഹാജരായതിനെ തുടർന്നാണ് ഡിവൈഎസ്‌പി കെ ജെ ഡാർവിന്‍റെ അറസ്റ്റ് വാറണ്ട് കോടതി പിൻവലിച്ചത്.

തിരുവനന്തപുരം:സിസ്റ്റർ അഭയ കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്‌പി കെ ജെ ഡാർവിന്‍റെ അറസ്റ്റ് വാറണ്ട് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പിൻവലിച്ചു. സിബിഐ കോടതി സമൻസ് ലഭിച്ചിട്ടും കോടതിയിൽ വിചാരണയ്ക്ക് എത്താതിരുന്നതിനാലാണ് കോടതി ഡാർവിന് അറസ്റ്റ് വാറണ്ട് നൽകിയത്. ഇന്നലെ കോടതിയിൽ എത്തിയ ഡിവൈഎസ്‌പിയെ പ്രോസിക്യൂഷൻ 47 ആം സാക്ഷിയായി വിസ്‌തരിച്ചിരുന്നു. കൂടാതെ സിബിഐ അന്വേഷിച്ച കാലഘട്ടത്തിൽ അന്വേഷണ സംഘത്തിൽ അംഗമായിരുന്ന അഡീഷണൽ എസ്‌പി പ്രേം കുമാറിനെയും കോടതി വിസ്‌തരിച്ചു. 2019 ഓഗസ്റ്റ് 26 ന് ആരംഭിച്ച കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലാണ്. അഭയ കേസിൽ ഇതുവരെ 47 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 1992 മാർച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.