തിരുവനന്തപുരം: മലയാളി ഹൃദയത്തോട് ചേർത്ത് നിർത്തിയ നിരവധി ഗാനങ്ങൾ. എംകെ അർജുനൻ വിടപറയുമ്പോൾ ഹൃദയം കൊണ്ട് സംഗീതം ചിട്ടപ്പെടുത്തിയ മലയാളിയുടെ അർജുനൻ മാസ്റ്റർ ആയിരം കാതം അകലേക്ക് മായുകയാണ്. കസ്തൂരി മണക്കുന്ന ഗാനങ്ങളുമായി മലയാള സംഗീത ലോകത്തേക്ക് കടന്നുവന്ന എംകെ അർജുനൻ മാസ്റ്റർക്ക് സംഗീതം സപര്യയായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ കറുത്ത പൗർണമിയിലെ 'മാനത്തിൻ മുറ്റത്ത് മഴവില്ലാല്‍ അയകെട്ടി' എന്ന ഗാനവുമായി മലയാള സിനിമാലോകത്തേക്ക് ഹാർമോണിയവുമായി നടന്നുകയറിയ എംകെ അർജുനൻ പിന്നീട് തിരിഞ്ഞുനോക്കിയില്ല. പ്രണയവും വിരഹവും ഉത്സവാഘോഷങ്ങളും എല്ലാം ആ ഹാർമോണിയത്തില്‍ നിന്ന് ഗാനങ്ങളായി പുറത്തുവന്നപ്പോൾ മലയാളിക്ക് സ്വീകരിക്കാതെ തരമില്ലായിരുന്നു.
ജി ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായി തുടങ്ങിയ സംഗീത യാത്രയില്‍ വയലാർ, പി ഭാസ്കരൻ, ഒഎൻവി തുടങ്ങിയ അതുല്യ പ്രതിഭകളുടെ വരികൾക്ക് അർജുനൻ മാസ്റ്റർ സംഗീതമിട്ടു. ജി ദേവരാജൻ മാസ്റ്ററുടെ നിഴലില്‍ നിന്ന് പുറത്തുവന്ന അർജുനൻ മാസ്റ്റർ മലയാള സിനിമയില്‍ പിന്നീട് സൃഷ്ടിച്ചത് അർജുന യുഗമാണ്. കഷ്ടതകൾ നിറഞ്ഞ ബാല്യവും കൗമാരവും പിന്നിടുമ്പോൾ ജീവിതത്തിലെ പ്രാരാബ്ദങ്ങളോടാണ് എംകെ അർജുനന് ആദ്യം മത്സരിക്കേണ്ടി വന്നത്. പകരക്കാരനായി നാടകസംഗീത സംവിധാനം ചെയ്ത് തുടങ്ങിയ എംകെ അർജുനൻ പിന്നീട് അമച്വർ നാടകങ്ങൾക്കും പ്രൊഫഷണൽ നാടകങ്ങൾക്കും പാട്ടൊരുക്കിയ ശേഷമാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്. ചങ്ങനാശേരി ഗീഥ, കെപിഎസി, കാളിദാസ കലാകേന്ദ്രം എന്നീ നാടക സമിതികളാണ് അർജുനനിലെ സംഗീത സംവിധായകനെ പാകപ്പെടുത്തിയത്. തിരക്കു പിടിച്ച സിനിമാക്കാലത്തും നാടകങ്ങൾക്ക് അദ്ദേഹം പാട്ടുകളൊരുക്കി.
നാടകത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പത്തിലേറെ തവണ സ്വന്തമാക്കി. എന്നാല്‍ സിനിമയിൽ സംസ്ഥാന സർക്കാരിന്‍റെ പുരസ്കാരം ലഭിക്കാൻ ജയരാജ് സംവിധാനം ചെയ്ത ഭയാനകം വരെ കാത്തിരിക്കേണ്ടി വന്നു. 2017ലാണ് അരനൂറ്റാണ്ടിലേറെ മലയാള സിനിമയിലെ 'മാസ്റ്റെറോ' ആയിരുന്ന എംകെ അർജുനനെ തേടി സംസ്ഥാന അവാർഡ് എത്തുന്നത്. ഭയാനകത്തിലെ 'നിന്നെ തൊടും പൂനിലാവ് എന്നെ തൊട്ടത് നീയറിഞ്ഞോ' എന്നഗാനത്തിനായിരുന്നു സംസ്ഥാന സർക്കാർ പുരസ്കാരം.