തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തി. അപകടസമയത്ത് ഡ്രൈവർ അർജുൻ തന്നെയാണ് കാറോടിച്ചത് എന്ന മുൻനിലപാടിൽ ഉറച്ച് ലക്ഷ്മി. ബാലഭാസ്കറിന്‍റെ തിരുമലയിലെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയത്. ഇതേ മൊഴി തന്നെയാണ് ലക്ഷ്മി ലോക്കല്‍ പൊലീസിനും നല്‍കിയത്.
ബാലഭാസ്കറിന്‍റെ ഭാര്യയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി - balabhaskar
അപകടസമയത്ത് ഡ്രൈവർ അർജുൻ തന്നെയാണ് കാറോടിച്ചത് എന്ന മുൻനിലപാടിൽ ഉറച്ച് ലക്ഷ്മി
അപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുൻ ആണ്. ഈ സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ബാലഭാസ്കറിന് ബോധം നഷ്ടമായി. സാധാരണ ധരിക്കാറുള്ള സ്വർണാഭരണങ്ങൾ മാത്രമാണ് അപ്പോൾ ബാലഭാസ്കറിന്‍റെ കൈവശമുണ്ടായിരുന്നത്. ഇതുൾപ്പെടെ പണമോ ആഭരണങ്ങളോ ഒന്നും നഷ്ടമായിട്ടില്ല. അർജുനന്‍റെ ഭാര്യാമാതാവ് ലതയുടെ കുടുംബവുമായി ബാലഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ബിസിനസ് ആവശ്യത്തിന് ഇവർക്ക് പണം നൽകിയിരുന്നതായി അറിയാം. അത് തിരികെ നൽകിയതായും അറിയാം. പ്രകാശൻ തമ്പി ബാലഭാസ്കറിന്‍റെ ജീവനക്കാരൻ ആയിരുന്നില്ല. പ്രാദേശികമായി പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതിന് പ്രതിഫലം നൽകിയിരുന്നു. ബാലഭാസ്കറിനോട് ആർക്കെങ്കിലും പ്രത്യേകമായ പകയോ വൈരാഗ്യമോ ഉള്ളതായി അറിയില്ല. ദുരൂഹത നീക്കാൻ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ലക്ഷ്മി മൊഴിയിൽ പറയുന്നു.