തിരുവനന്തപുരം: മുത്തൂറ്റ് സമരത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്പോര്. മുതലാളി അനുകൂല സമീപനമാണ് പ്രതിപക്ഷത്തിന്‍റേതെന്ന ഭരണപക്ഷാംഗങ്ങളുടെ മറുപടിയാണ് വാക്കേറ്റത്തിൽ കലാശിച്ചത്. മുത്തൂറ്റിലെ തൊഴിലാളികൾ അക്രമ സമരത്തിലേക്ക് നീങ്ങുന്നത് സംസ്ഥാനത്തെ വ്യവസായ സൗഹൃദം തകർക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. മുത്തൂറ്റ് സമരം സമാധാനപരമായി ഒത്തുതീർപ്പാക്കുന്നതിന് ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. അൻവർ സാദത്ത് എംഎൽഎയാണ് നിയമസഭയിൽ മുത്തൂറ്റിലെ തൊഴിൽ സമരം അക്രമങ്ങളിലേക്ക് നീങ്ങുന്നതായി ചൂണ്ടിക്കാട്ടിയത്.
മുത്തൂറ്റ് സമരത്തെ ചൊല്ലി നിയമസഭയിൽ വാക്പോര്
മുത്തൂറ്റ് സമരം സമാധാനപരമായി ഒത്തുതീർപ്പാക്കുന്നതിന് ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണൻ
മുത്തൂറ്റ് മാനേജ്മെന്‍റിന്‍റെ തൊഴിലാളി വിരുദ്ധനടപടി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണൻ പറഞ്ഞു. ഒരു നിയമത്തെയും അംഗീകരിക്കാത്ത മാനേജ്മെന്‍റിന്‍റെ നിലപാടിനോട് യോജിക്കാനാകില്ല. ഒത്തുതീർപ്പിനായി ആവശ്യമായ നിയമ നടപടി സ്വീകരിക്കും. തൊഴിലാളികൾ അക്രമസംഭവം നടത്തിയിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. എന്നാല്‍ മന്ത്രിയുടെ മറുപടി അംഗത്തെ അധിക്ഷേപിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുതലാളിക്ക് മുന്നിൽ മുട്ടുവിറച്ച് ഓച്ഛാനിച്ച് നിൽക്കുന്നവരുടെ ശബ്‌ദമാണ് പ്രതിപക്ഷത്തിന്‍റേതെന്നും മുത്തൂറ്റ് മാനേജ്മെന്‍റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും എം.സ്വരാജ് ആവശ്യപ്പെട്ടു. തുടർന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം മുതലാളി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ ദുരുദേശപരമായ മറുപടി സഭരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.